തിരുവനന്തപുരം:(www.truevisionnews.com) കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. കെ.സുധാകരനെ മാറ്റണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിന് ഉണ്ടെങ്കിലും സമവായം കണ്ടെത്താനാകാത്തതാണ് കാരണം.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതില്‍ കെ.സുധാകരന്‍ അതൃപ്തനാണ്. നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാന്‍ മറ്റ് മാര്‍ഗം എന്ന നിലയിലാണ് ഹൈപവര്‍ കമ്മിറ്റിയുടെ ആലോചന.
കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മാത്രമടങ്ങുന്ന കോര്‍ ഗ്രൂപ്പിന് രൂപം നല്‍കാനാണ് ശ്രമം. രാഷ്ട്രീയകാര്യ സമിതി ജംബോ കമ്മിറ്റിയായി മാറിയതാണ് നേതൃനിരയില്‍ പുതിയ കമ്മിറ്റി രൂപീകരിക്കാനുളള നീക്കം. അധ്യക്ഷനെ മാറ്റിയാലും പുതിയ കമ്മിറ്റികൾ വരുന്നതാണ് നല്ലതെന്നാണ് വിലയിരുത്തൽ. അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യം സുധാകരനെ ബോധ്യപ്പെടുത്താനാകാത്തതാണ് പ്രധാന തടസം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും പിന്നാലെ എത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പുമാണ് പാർട്ടിക്ക് മുന്നിലെ വെല്ലുവിളി. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയില്ലെങ്കില്‍ 2021 ന്‍റെ ആവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ദീപദാസ് മുന്‍ഷി സംസ്ഥാനത്തെ രാഷ്ട്രീയ-സംഘടനാ വിഷയങ്ങള്‍ ദേശീയ നേതൃത്വത്തിന് മുന്നില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.
#National #leadership #replace #KSudhakaran#consensus#high-power #committee
