Apr 16, 2025 11:26 AM

തിരുവനന്തപുരം: (www.truevisionnews.com) ഐഎഎസ് ഉദ്യോഗസ്ഥയും കോൺഗ്രസ് നേതാവ് ശബരീനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരൻ്റെ വിമർശനം.

വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും ഇത് കൂടുതൽ വിവാദമാക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം എത്തിനിൽക്കെയാണ് കെ മുരളീധരൻ വിമർശനവുമായി രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയം.

ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തിൽ ദിവ്യക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. എകെജെ സെൻ്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓർക്കണമെന്നായിരുന്നു പ്രതികരണം.

ഇതിനോട് ദിവ്യ പ്രതികരിക്കുകയും ചെയ്തു. താൻ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ ചോദ്യം.

വിഷയത്തിൽ ഇന്നലെ മുതൽ വിവാദം ശക്തമാണെങ്കിലും കൂടുതൽ പ്രതികരിച്ച് വഷളാക്കേണ്ടെന്ന നിലയിലാണ് കോൺഗ്രസ് നേതാക്കൾ എത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ് ഇന്നലെയാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായത്.

കർണന് പോലും അസൂയ തോന്നും വിധം കെകെആർ കവചം, കഠിനാധ്വാനത്തിൻ്റെ മഷിക്കൂട്, വിശ്വസ്തതയുടെ പാഠപുസ്തകം എന്നിങ്ങനെയായിരുന്നു കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നിൽക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്ത് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

#Divya #officer #who #serves #PinarayiVijayan #KMuraleedharan #strongly #criticizes #post #praising #KKRagesh

Next TV

Top Stories