കണ്ണൂര്‍: (www.truevisionnews.com) പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എം വി ജയരാജൻ രംഗത്ത്. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജനെ വാഴ്ത്തി കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് വച്ചത്.
ആർ വി മെട്ട, കാക്കോത്ത് എന്നിവടങ്ങളിലാണ് റെഡ് യംഗ്സിന്‍റേത് എന്ന പേരിൽ, പാർട്ടി കോൺഗ്രസ് സമാപന ദിവസം ഫ്ലക്സ് ഉയർന്നത്. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ഈ മണ്ണിലും ജനമനസ്സിലുമുണ്ട് സഖാവ് എന്നാണ് ഫ്ലക്സിലെ വാചകങ്ങൾ.
ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ പി.ജയരാജനെ തഴഞ്ഞിരുന്നു. കേന്ദ്ര കമ്മിറ്റിയിലുമെടുത്തില്ല.
പ്രായപരിധി നിബന്ധന പാലിച്ചാൽ, എഴുപത്തിരണ്ടുകാരനായ ജയരാജന്‍റെ സംഘടനാ ജീവിതം സംസ്ഥാന കമ്മിറ്റി അംഗമായി അവസാനിക്കാനാണ് സാധ്യത. അദ്ദേഹത്തെ പിന്തുണക്കുന്നവർക്ക് അതിലുളള അതൃപ്തിയാണ് ഫ്ലക്സിലൂടെ പുറത്തുവന്നതെന്നാണ് സൂചന.
#party #bigger #individual #MVJayarajan #rejects #flexboards #praising #PJayarajan
