കൊച്ചി: (www.truevisionnews.com) വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ പോസ്റ്റ്മോർട്ടം നാളെ മാത്രമേ നടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു.
യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്.
സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്.
#Woman #dies #giving #birth #home #Malappuram #Inquest #proceedings #completed #postmortem #tomorrow
