താമരശ്ശേരി: ( www.truevisionnews.com) താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്‍റെ ഭാര്യ, രണ്ട് മക്കൾ, മകന്‍റെ സുഹൃത്ത് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്. മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത വിധം തെളിവ് നശിപ്പിച്ച കേസിൽ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം നൽകിയത്.

2013 സെപ്റ്റംബറാണ് അച്ഛൻ കരീമിനെ കാണാനില്ലെന്ന് കാട്ടി മകൻ മിഥ്നജ് താമരശ്ശേരി പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കരീമിനെ കണ്ടെത്താനായില്ല. ആദ്യമൊന്നും ഒരു തുമ്പും കിട്ടിയുമില്ല. പൊലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് കുടുംബം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഒപ്പം ഹൈക്കോടതിയിൽ ഹർജിയും നൽകി. ഒടുവിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെയാണ് തിരോധാനത്തിന്‍റെ ചുരുളഴിഞ്ഞതും ദുരൂഹത നീങ്ങിയതും. കരീമിന് ശ്രീലങ്കൻ സ്വദേശിയായൊരു സുഹൃത്തുണ്ടായിരുന്നു. ബിസിനസുകാരനായ കരീമിന്‍റെ സ്വത്തുകൾ ഇവർ തട്ടിയെടുക്കമോയെന്ന് കുടുംബം ഭയന്നു. അതിനിടെ കോരങ്ങാട്ട് പുതിയ വീട് വെയ്ക്കുമ്പോള്‍ ഭാര്യ മൈമൂനയുടെ പേരിൽ വേണമെന്ന് ആവശ്യപ്പെട്ടു.
പക്ഷേ, കരീം സ്വന്തം പേരിലാണ് വീടെുടുത്തത്. ഇതോടെ കരീമിനെ ഇല്ലാതാക്കാൻ ഭാര്യ മൈമൂനയും മക്കളായ മിഥ്നജ്, ഫിർദൌസ് എന്നിവരും പ്ലാനിട്ടു. ക്ലോറോം ഫോം നൽകി കരീമിനെ ബോധം കെടുത്തിയശേഷം തലയിണകൊണ്ട് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. എന്നാൽ, മൃതദേഹം എവിടെയെന്നായി സംശയം. കരീമിന്‍റെ വീട്ടു പരിസരം ഉൾപ്പെടെ കുഴിച്ച് പൊലീസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
അതിനിടെയാണ് മൃതദേഹം കർണാടക നഞ്ചൻകോട്ടെ കബനി കനാലിൽ കൊണ്ടിട്ടെന്ന കാര്യം പ്രതികൾ സമ്മതിച്ചത്. അന്വേഷണ സംഘം തെരച്ചിൽ നടത്തിയപ്പോൾ അസ്ഥികൾ കിട്ടി. പക്ഷേ, ഡിഎൻഎ പരിശോധനയിൽ സ്ഥീരികരിക്കാനായില്ല. 200 കിലോമീറ്റർ നീളമുള്ള കനാലിന് നല്ല ആഴവും ഒഴുക്കുമുണ്ട്. വ്യാപക തെരച്ചിൽ നടത്തിയിട്ടും കരീമിന്‍റെ മൃതദേഹം മാത്രം കണ്ടെത്താനാില്ല. പിന്നാലെ മറ്റു ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 600 പേജുള്ള കുറ്റപത്രത്തിൽ 198 പേർ സാക്ഷികളായുണ്ട്.
#thamarassery #kareem #murder #case #wife #2 #children #included #accused #list #crime #branch #charge #sheet #filed #after #11years
