Apr 3, 2025 07:31 PM

( truevisionnews.com)സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്‌സ് പറഞ്ഞു.

ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്‌സ് വ്യക്തമാക്കി. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്.

ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്‌സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും കഴിഞ്ഞ രണ്ട് ചര്‍ച്ചയിലും ഞങ്ങള്‍ കേട്ടതാണ്. താല്‍പര്യമുണ്ട് എന്ന് പറയുന്നതിനപ്പുറത്തേക്ക് ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും എന്ന രണ്ട് ഭാഗം മാറ്റി വച്ചുകൊണ്ട് ആശ വര്‍ക്കേഴ്‌സുമായി ബന്ധപ്പെട്ട മറ്റ് ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും ആവിഷയങ്ങളില്‍ നമുക്ക് കമ്മറ്റിയാകാം. ഇത് രണ്ടും അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കണമെന്ന് പറഞ്ഞു.

അവിടെയും നില്‍ക്കാതെ വന്നപ്പോള്‍ ഒരു 3000 രൂപ ഓണറേറിയും വര്‍ധിപ്പിക്കുകയും ശേഷം ഒരു കമ്മറ്റിയെ വച്ച് എത്ര വര്‍ധിപ്പിക്കണമെന്ന് തീരുമാനിക്കാനും ആവശ്യപ്പെട്ടു. 3000 രൂപ വര്‍ധന ചോദിച്ചിട്ടു പോലും മറുപടിയില്ല. ചര്‍ച്ച യാതൊരു തീരുമാനവുമാകാതെ പിരിഞ്ഞിരിക്കുകയാണ്. കമ്മറ്റിയെ സംബന്ധിച്ച് സമര സമിതിയുമായി ആലോചിച്ച് നാളെ വീണ്ടും അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണെന്ന് ആശമാര്‍ വ്യക്തമാക്കി.

നാളെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും എന്നാല്‍ ഓണറേറിയത്തിന്റെ കാര്യത്തിലും വിരമിക്കല്‍ ആനുകൂല്യത്തിന്റെ കാര്യത്തിലും ഒരു കമ്മറ്റിയെ വച്ച് പഠിക്കേണ്ടുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമരം ശക്തമായി തുടരുമെന്നും ആശമാര്‍ വ്യക്തമാക്കി.

ആശമാരുടെ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങളെ അനുഭാവപൂര്‍ണമായാണ് സമീപിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവരുടെ കുടിശിക കൊടുത്തു തീര്‍ത്തു. ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ ഒഴിവാക്കി. സര്‍വേയുമായി ബന്ധപ്പെട്ട ഒടിപി പിന്‍വലിച്ചു. 62 വയസായ ആശമാര്‍ മാറണം എന്നുള്ള ഒരു ഉത്തരവ് ഉണ്ടായിരുന്നു.

അങ്ങനെ ആരെയും മാറ്റിയിട്ടില്ല. ഇങ്ങനെ ആരോഗ്യ വകുപ്പിന് ചെയ്യാന്‍ കഴിയുന്ന പരമാവധി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചന. സമരക്കാരുടെ ആവശ്യം ഉള്‍പ്പെടെ ടേംസ് ഓഫ് റഫറന്‍സില്‍ വച്ച് കമ്മിറ്റി പരിശോധിക്കാം എന്ന് അറിയിച്ചിരുന്നു.

നാളെ ചര്‍ച്ച വേണോ എന്ന് അവര്‍ അറിയിക്കാമെന്നാണ് പറഞ്ഞത്. സര്‍ക്കാരിന്റെ സമീപനം എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാം എന്നതാണ് – മന്ത്രി വിശദമാക്കി.

സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാരുടെ വേതനം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ആലോചന. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശ വര്‍ക്കേഴ്‌സ് സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു. റോഡില്‍ കിടന്നും ഇരുന്നും ആശമാര്‍ പ്രതിഷേധിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോര്‍ജ് ആശാവര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സമരം ചെയ്യുന്ന ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.





#Health #Minister #talks #ASHA #workers #fail #continue #strike

Next TV

Top Stories