(truevisionnews.com) ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച റംസാന്‍ കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വന സ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സാഹോദര്യത്തിലുമൂന്നിയ സാമൂഹ്യ ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം.
വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വില കുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്.
ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍ –മുഖ്യമന്ത്രി പറഞ്ഞു.
സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വിരുന്നൂട്ടാണ് ചെറിയപെരുന്നാളെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ മാസപ്പിറ ദൃശ്യമായതിന് ശേഷം പ്രതികരിച്ചു. കഴിഞ്ഞ പെരുന്നാളിന് വിശ്വാസികള്‍ക്ക് 30 നോമ്പ് ലഭിച്ചിരുന്നു. ഇത്തവണ വ്രതശുദ്ധിയോടെ 29 നാളുകള്‍ നോമ്പെടുത്ത ശേഷമാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നത്.
വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്.ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ ഒന്നാണ് ചെറിയ പെരുന്നാളായി കൊണ്ടാടുന്നത്. പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമാസ്‌ക്കാരത്തിനത്തുന്നത്.
ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
#May #cheriyaperunnal #day #become #celebration #unity #CM #extends #wishes
