കരുനാഗപ്പള്ളി: (truevisionnews.com) കൊല്ലം കരുനാഗപ്പള്ളിയില്‍ കൊല്ലപ്പെട്ട സന്തോഷിനുനേരെ ഇതിനുമുമ്പും വധശ്രമം ഉണ്ടായിട്ടുള്ളതായി സന്തോഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും മകനെ ആക്രമിക്കരുതേ എന്ന് കരഞ്ഞുപറഞ്ഞതായും സന്തോഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഓച്ചിറയില്‍ കടയുടെ മുന്നില്‍വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി സന്തോഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. രണ്ട് ആക്രമണങ്ങളും നടത്തിയത് ഒരേസംഘമാണ് എന്ന നിഗമനത്തിലാണ് പോലീസ്.
ഇന്ന് പുലർച്ചെ മൂന്നുമണിയോട് അടുപ്പിച്ചാണ് കൊല്ലം ഓച്ചിറ വവ്വാക്കാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനീര്‍ എന്ന യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ടുസംഭവങ്ങളും നടന്നത്. ഓച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വവ്വാക്കാവ് ജംഗ്ഷനിലെ ഒരു കടയുടെ മുന്നില്‍വെച്ചാണ് അനീറിന് വെട്ടേറ്റത്. സന്തോഷിന്റെ വീട്ടില്‍നിന്നും പത്തുമിനിറ്റ് ദൂരം മാത്രമേ അനീര്‍ ആക്രമിക്കപ്പെട്ടയിടത്തേക്ക് ഉള്ളൂ. ഒരേ വാഹനത്തിലാണ് രണ്ട് ആക്രമണങ്ങളും നടത്തിയ സംഘം എത്തിയത്.
എന്നാല്‍ ഈ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ്. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിയ ടാക്‌സി കാറാണ് അക്രമികള്‍ ഉപയോഗിച്ചത്. ഈ കാറിന്റെ ഉടമയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മേമന സ്വദേശിയായ ഒരു വ്യക്തിയുടെ ആവശ്യപ്രകാരമാണ് കാറുടമ വാഹനം നല്‍കിയത്.
കാർ വാങ്ങാനെത്തിയ ആൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. വാഹനം വേണമെന്ന് മാത്രമേ ഇയാള്‍ പറഞ്ഞുള്ളുവെന്നും എന്ത് കാര്യത്തിനാണ് എന്ന് പറഞ്ഞിരുന്നില്ലെന്നുമാണ് കാറുടമയുടെ മൊഴി. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അനീറും സന്തോഷും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അനീറും അക്രമിസംഘവും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ എന്ന് മനസിലാക്കിയവരില്‍ കാപ്പ ചുമത്തിയവരടക്കം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇവര്‍ കരുനാഗപ്പള്ളി പരിസരം വിട്ട് പോയിട്ടുണ്ടാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നു. കാറിന്റെ ഉടമയും, വാഹനം ഇയാളുടെ പക്കല്‍നിന്നും വാങ്ങിക്കൊണ്ടുപോയ വ്യക്തിയുമാണ് നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.
#Mother #ays #previous #attempts #kill #Santhosh
