കൊല്ലം : ( www.truevisionnews.com ) ചടയമംഗലത്തെ സി ഐ ടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സി പി ഐ എം ഹർത്താൽ. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സി ഐ ടി യു പ്രവർത്തകനായ സുധീഷ് കുത്തേറ്റ് മരിച്ചത്.

ചടയമംഗലത്തുള്ള പേൾ ബാറിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി. ബാറിൽ പണി നടക്കുന്നതു കൊണ്ട് വാഹനം പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജിബിൻ പറഞ്ഞു.
എന്നാൽ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ തന്നെ വാഹനം പാർക്ക് ചെയ്തു.
ഇവർ ബാറിനുള്ളിൽ കയറി തിരിച്ചിറങ്ങിയതിന് ശേഷം സെക്യൂരിറ്റിയുമായി തർക്കമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ജിബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിഐടിയു തൊഴിലാളിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ പ്രതിഷേധിച്ച് കൊണ്ട് സിഐടിയുവും സിപിഎമ്മും ഇന്ന് ചടയമംഗലത്ത് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. പ്രതി ജിബിനെ (44) ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷ് അവിവാഹിതനാണ്.
#CITU #worker #stabbed #death #CPIM #hartal #Chadayamangalam #today
