പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു: പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

പീഡനവിവരം അറിഞ്ഞിട്ടും  മറച്ചുവെച്ചു: പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ
Mar 22, 2025 07:52 PM | By Susmitha Surendran

കൊച്ചി : (truevisionnews.com) പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നു പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, കുട്ടികളെ മദ്യം നിർബന്ധിച്ചു കുടിപ്പിച്ചു എന്നിവയാണ് അമ്മയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ.

അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിച്ചു മദ്യം കുടിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി. മൂത്ത കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്നും വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു എന്നും കാണിച്ച് എഴുതിയ കത്തിനെപറ്റിയുള്ള വിവരം ക്ലാസ് ടീച്ചറാണ് പൊലീസിൽ അറിയിച്ചത്.

അധ്യാപികയോടു കുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. ഉപദ്രവിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികൾ നൽകിയ മൊഴി. അമ്മയ്ക്ക് ഇക്കാര്യം അറിയാമെന്ന് പ്രതിയും പൊലീസിനോട് സമ്മതിച്ചു.

ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ഒടുവിലായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികൾ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. 3 വർഷം മുൻപാണ് ഇവരുടെ പിതാവ് മരിച്ചത്.

പിതാവ് അസുഖബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന ധനേഷാണ് പിന്നീട് അമ്മയുമായി അടുത്തത്. പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതൽ അടുക്കുകയും ശനി, ഞായർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി.

മൂത്ത കുട്ടിയെ ഇയാൾ മുഖത്തടിക്കുന്നത് ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ഏൽപ്പിക്കുകയും ചെയ്തിരുന്നു. അമ്മയുമായി അകലാനാണു കുട്ടികളെ പീഡിപ്പിക്കുന്നത് ആരംഭിച്ചതെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ നിർബന്ധിച്ചതു വഴി ഇയാളുടെ ലക്ഷ്യം പീഡനം തന്നെയാണെന്ന് വ്യക്തമാകുന്നതായി പൊലീസ് പറഞ്ഞു.


#Mother #remanded #custody #incident #girls #raped #Kuruppampadi #Perumbavoor.

Next TV

Related Stories
Top Stories