'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ

'എന്താണ് ചെയ്യുക എന്നറിയില്ല, മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണ്'; രാഹുലിന്റെ അച്ഛൻ
Mar 22, 2025 07:53 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ശരിക്ക് ഉറങ്ങിയിട്ട് നാളുകളായി. എന്താണ് ചെയ്യുക എന്നറിയില്ലല്ലോ, എല്ലാവരെയും കൊല്ലുമെന്ന് നേരത്തേ പറയാറുള്ളതുകൊണ്ട് മകന്‍ വീട്ടിലുള്ളപ്പോള്‍ രാത്രിയില്‍ ചെറിയ ശബ്ദംകേട്ടാല്‍പ്പോലും ഭയമാണെന്ന് രാഹുലിന്റെ അച്ഛൻ.

കഴിഞ്ഞ ദിവസം വീട്ടിൽ ലഹരിക്കടിമയായ മകന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ അമ്മ പോലീസിന് പിടിച്ചുകൊടുത്ത എലത്തൂര്‍ എസ്.കെ. ബസാറിലെ രാഹുലിന്റെ അച്ഛന്‍ രാധാകൃഷ്ണന്റെ വാക്കുകളാണിത്.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയതാണ് രാഹുലെന്ന് രാധാകൃഷ്ണന്‍ പറയുന്നു. ചികിത്സ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പല കോഴ്‌സുകള്‍ക്കും വിട്ടു.

ഗള്‍ഫില്‍ ജോലിക്ക് പറഞ്ഞയച്ചു. വീണ്ടും അവന്‍ ലഹരിയുടെ ലോകത്തേക്കുതന്നെയാണ് വന്നത്. വിവാഹം കഴിച്ചശേഷം ഭാര്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പലതരത്തിലുള്ള അക്രമങ്ങള്‍ വീട്ടില്‍ കാണിച്ചുവെച്ചു.

ഒരുദിവസം എംഡിഎംഎ ഉപയോഗിച്ച് ഉന്മാദാവസ്ഥയില്‍ സ്വന്തം കൈ മുറിച്ചശേഷം ബന്ധുവായ കൊച്ചുകുട്ടിയെ ആക്രമിച്ചു. അത് പോക്‌സോ കേസായി മാറുകയും രാഹുല്‍ ജയിലിലാവുകയും ചെയ്തു.

ഒന്‍പതുമാസത്തോളം ജയിലില്‍ കിടന്നശേഷം കരഞ്ഞ് കാലുപിടിച്ച് പറഞ്ഞിട്ടാണ് സ്വന്തം മകനല്ലേ മാനസാന്തരം വന്നെന്നുകരുതി കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ അവനെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുവന്നതെന്ന് അമ്മ മിനി പറയുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം രാഹുല്‍ എറണാകുളത്തേക്കെന്നു പറഞ്ഞാണ് പോയത്. കുറെക്കാലം ഒരു ബന്ധവുമില്ലായിരുന്നു. പിന്നീടാണ് അറിയുന്നത് ലഹരിയുപയോഗിക്കാന്‍ വാഹനം മോഷ്ടിച്ചതിന് മൂന്നുമാസം ജയിലിലായിരുന്നെന്ന്. ഡിസംബര്‍ ആറിനാണ് തിരിച്ചുവന്നത്. തന്റെ പേരില്‍ ആറു കേസുകളുണ്ടെന്നും അതെല്ലാം വാറന്റായി കിടക്കുകയാണെന്നും പോലീസിനോട് പറയരുതെന്നും പറഞ്ഞു. മകന്‍ നന്നായെന്നു കരുതി പോലീസിനെ വിവരം അറിയിച്ചില്ല.

കുറച്ചുകാലം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് ഇടയ്ക്ക് പണം ചോദിക്കും. കൊടുത്തില്ലെങ്കില്‍ ബഹളമുണ്ടാക്കും. അങ്ങനെ പതിയെപ്പതിയെ പഴയ അക്രമസ്വഭാവത്തിലേക്കു വന്നുതുടങ്ങി.

പുറത്തുപോയിവരുമ്പോള്‍ വല്ലാത്ത അവസ്ഥയിലായിരിക്കും. അതിന്റെ ലഹരിയില്‍ അക്രമം കാണിക്കും. എല്ലാം കണ്ടും കേട്ടും സഹിച്ചുനിന്നു. രണ്ടാഴ്ചമുന്‍പാണ് കൂടുതല്‍ പ്രശ്‌നമായിത്തുടങ്ങിയത്. പോലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോള്‍ കഴുത്തില്‍ ബ്ലേഡ് വെച്ച് അവന്‍ മരിക്കുമെന്നു പറഞ്ഞു. അതോടെ താന്‍ പിന്‍വാങ്ങി -മിനി പറഞ്ഞു.

''വ്യാഴാഴ്ച ടി.വി. കാണുന്നതിനിടെ അവനെ ഞങ്ങള്‍ കളിയാക്കുകയാണെന്നു കരുതി പെട്ടെന്ന് എഴുന്നേറ്റു. പ്രായമായ അമ്മയെ അടിക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ മുന്നില്‍ക്കയറി നിന്നു. പിന്നെയാണ് അവന്‍ പറയുന്നത് നാലുമാസം കാലാവധിയായി. താന്‍ എല്ലാവരെയും ഒരുമിച്ചു കൊല്ലും.

എന്തായാലും ജയിലില്‍ പോവും. കൊന്നിട്ടേ പോവൂ എന്നൊക്കെ. വിദേശത്ത് നഴ്‌സായി ജോലിചെയ്യുന്ന മകള്‍ അടുത്തമാസം വരുമെന്നാണ് അവന്‍ കരുതിയത്. അപ്പോ അവളെക്കൂടെ വകവരുത്താനാണ് ഉദ്ദേശ്യമെന്ന് ഭയന്നുപോയി.

ജീവിച്ചുതുടങ്ങുന്ന കുഞ്ഞിനെയടക്കം ഇല്ലാതാക്കുമല്ലോ എന്ന് ഭയന്നു. ഇനിയും സംരക്ഷിച്ചാല്‍ അപകടമാണെന്നു തോന്നിയപ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹം പറഞ്ഞു അവന്‍ അകത്തുകിടക്കട്ടെ, അതാണ് നല്ലതെന്ന്. അങ്ങനെയാണ് പോലീസിനെ വിളിക്കുന്നത്'' -വിതുമ്പലോടെ അവര്‍ പറഞ്ഞു.



#drug #addict #son #threatens #family #mother #calls #polic

Next TV

Related Stories
Top Stories