തിരുവനന്തപുരം: ( www.truevisionnews.com ) കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. ഇന്നലത്തെ തേനീച്ച ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും തേനീച്ചകള്‍ ആക്രമണം നടത്തിയത്.

ഇന്നലെ ഇളകിയ തേനീച്ചക്കൂട്ടില്‍നിന്നു തന്നെയാണ് രാവിലെ തേനീച്ചകള്‍ പുറത്തെത്തി കലക്ടറേറ്റിലേക്കു എത്തുന്നവരെ കുത്തിയത്. വലിയ മൂന്ന് കൂടുകളും ആറ് ചെറിയ കൂടുകളുമാണ് കലക്ടറേറ്റ് പരിസരത്തുള്ളത്. വനംവകുപ്പിന്റെ ഉള്‍പ്പെടെ സഹായത്തോടെ കൂടുകള്‍ പൂര്‍ണമായി നീക്കം ചെയ്യാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
ഇന്നലെ ബോംബ് ഭീഷണിയെത്തുടര്‍ന്നു പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകി ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം ഇരുനൂറിലേറെ പേര്‍ക്ക് കുത്തേറ്റത്.
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്.
തേനീച്ച ആക്രമണം രൂക്ഷമായതോടെ കലക്ടര്‍, സബ് കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ്, എഡിഎം ബീന പി.ആനന്ദ് എന്നിവരുടെ വാഹനങ്ങളില്‍ ജീവനക്കാരെ കലക്ടറേറ്റിനു പുറത്തെത്തിച്ചു. വളപ്പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകളും ഇതിനായി ഉപയോഗിച്ചു.റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാര്‍ (52), ജയരാജ് (42), ഷീബ (38), പ്രിയദര്‍ശന്‍ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫര്‍ ബി.പി.ദീപു എന്നിവര്‍ ദേഹമാസകലം കുത്തേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടിന്റെ ഒരു ഭാഗം അടര്‍ന്നു വീണപ്പോള്‍ കൊടുങ്കാറ്റു പോലെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. കലക്ടറും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാവരും പുറത്തു നില്‍ക്കുന്നതിനിടെയാണ് തേനീച്ചക്കൂടിളകിയത്.
ഒറ്റപ്പെട്ടു പോയവരെ തേനീച്ചകള്‍ പൊതിഞ്ഞു കുത്തി. കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാര്‍ക്ക് ഭീഷണിയാണ്. 3 മാസം മുന്‍പ് ഒരു കൂട് അഗ്‌നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ആവശ്യം.
#thiruvananthapuram #collectorate #bee #attack
