കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രിക; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴ

കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രിക; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴ
Mar 18, 2025 08:22 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) എറണാകുളം കലൂരില്‍ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രികയ്‌ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കലൂര്‍ മെട്രോ സ്‌റ്റേഷനുസമീപം ശനിയാഴ്ചയായിരുന്നു സംഭവം.

സൈറണ്‍ മുഴക്കിവന്ന ആംബുലന്‍സ് നിരന്തരമായി ഹോണ്‍ മുഴക്കിയിട്ടും യാത്രിക സ്‌കൂട്ടര്‍ ഒതുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എം.വി.ഡി. സ്വമേധയാ കേസെത്ത് നടപടി കൈക്കൊള്ളുകയായിരുന്നു.

ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൈ അറ്റുപോയ അതിഥി തൊഴിലാളിയായ രോഗിയുമായി കൊച്ചിയിലെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ആംബുലന്‍സ് ഡ്രൈവറായ ജിനീഷ് ആണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

ആംബുലന്‍സിന്റെ മുന്നിലിരുന്ന വ്യക്തിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മഹാരാഷ്ട്രാ സ്വദേശിയായ യുവതിയെ തിരിച്ചറിഞ്ഞത്.

മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്തൂരി എന്ന ഈ യുവതി ഓടിച്ചിരുന്നത്. ജിനീഷ് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കസ്തൂരിയും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.

നിയമവിരുദ്ധമായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചിരിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ ഈ രണ്ട് പരാതിയിലും പോലീസ് കേസെടുത്തിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് യുവതിയെ വിളിച്ചുവരുത്തിയത്.

ആറുമാസത്തേക്ക് യുവതിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇതുകൂടാതെ 5000 രൂപ പിഴയും ഒടുക്കണം.

#Scooter #rider #blocks #ambulance #Kochi #license #revoked #fined

Next TV

Related Stories
Top Stories










Entertainment News