ബെംഗളൂരു: ( www.truevisionnews.com ) നാല് മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ അമ്പതുകാരിയായ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. കഴിഞ്ഞ നവംബറില്‍ കാണാതായ മേരി എന്ന മധ്യവയസ്‌കയെ അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തി സ്വര്‍ണാഭരണം കവരുകയായിരുന്നു.

ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലക്ഷ്മണ്‍ കവര്‍ന്നു.
കന്നഡ ചിത്രം ദൃശ്യ കണ്ടാണ് തെളിവുകള്‍ എങ്ങനെ നശിപ്പിക്കാമെന്ന് മനസിലാക്കിയതെന്ന് ലക്ഷ്മണ്‍ പോലീസിനോട് പറഞ്ഞു. മോഹന്‍ലാലിന്റെ ദൃശ്യം സിനിമയുടെ കന്നഡ റീമേക്കാണ് ദൃശ്യ.
മേരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞെന്നും അതിനൊപ്പം അവരുടെ മൊബൈല്‍ സിമ്മും ഉപേക്ഷിച്ചെന്നും ലക്ഷ്മണ്‍ പോലീസിനോട് പറഞ്ഞു.
മേരിയുടെ മൊബൈല്‍ ഫോണ്‍ ഒരു ട്രക്കിലേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നാല് മാസത്തോളം പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ലക്ഷ്മണിനെ സഹായിച്ചുവെന്നും പോലീസ് പറയുന്നു.
നവംബര്‍ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫര്‍ കൊതനൂര്‍ പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടക്കത്തില്‍ കുറച്ചുപേരെ പോലീസ് സംശയിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല.
ജനുവരിയില്‍ മേരിയുടെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോഡ് പരിശോധനയും മൊബൈല്‍ ടവര്‍ ലൊക്കേഷനും പോലീസിനെ ഒരു മൊബൈല്‍ നമ്പറിലേക്ക് എത്തിച്ചു. മേരി താമസിക്കുന്ന അതേ സ്ഥലത്തുള്ള ലക്ഷ്മണ്‍ മേരിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷമായതും പോലീസില്‍ സംശയമുണ്ടാക്കി.
തുടര്‍ന്ന് പോലീസ് ലക്ഷ്മണിന്റെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡും പരിശോധിച്ചു. രണ്ട് സ്ത്രീകളുമായി ലക്ഷ്മണിന് വിവാഹേതര ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ഗര്‍ഭിണിയായ ഭാര്യയെ ലക്ഷ്മണന്‍ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
സാധാരണക്കാരനായി വേഷം മാറിയെത്തിയ പോലീസ് ലക്ഷ്മണിന്റെ രണ്ട് കാമുകിമാരെ കണ്ടെത്തുകയും മാര്‍ച്ച് ഒമ്പതിന് അതില്‍ ഒരാളെ കാണാന്‍ ലക്ഷ്മണ്‍ എത്തുമെന്ന് മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകിയെ കാണാന്‍ എത്തിയപ്പോള്‍ ലക്ഷ്മണിനെ പോലീസ് പിടികൂടി.
മേരിയെ കൊലപ്പെടുത്തിയ കുറ്റം ലക്ഷ്മണ്‍ ഏറ്റുപറഞ്ഞു. ഹൊസൂര്‍ ബന്ദയിലെ മാലിന്യക്കൂമ്പാരത്തിലാണ് മേരിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസിനോട് തുറന്നുസമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച അതേ സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ അസ്ഥികള്‍ കണ്ടെത്തി.
ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ലക്ഷ്മണ്‍ പാര്‍ട്ട് ടൈമായി ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ 12 ലക്ഷം രൂപ മുടക്കി ഒരു കോഴിക്കട തുടങ്ങി. എന്നാല്‍ ഇത് നഷ്ടത്തിലായതോടെ കടം നല്‍കിയവരുടെ ശല്ല്യം രൂക്ഷമായി.
മേരിയുടെ കൈയിലെ സ്വര്‍ഭാരണങ്ങളെ കുറിച്ച് ലക്ഷ്മണിന് നേരത്തെതന്നെ അറിയാമായിരുന്നു. മേരിയുടെ വീട്ടില്‍ നേരത്തെ ഇലക്ട്രിക്കല്‍ ജോലിക്കായി ലക്ഷ്മണ്‍ പോയിരുന്നു. ഇതോടെ മേരിയെ കൊന്ന് സ്വര്‍ണം കൈക്കലാക്കാന്‍ ലക്ഷ്മണ്‍ തീരുമാനിച്ചു.
ആദ്യം മേരിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയാണ് ചെയ്തത്. ഇതോടെ അത് നന്നാക്കാനായി മേരി ലക്ഷ്മണിനെ വിളിച്ചു. വീട്ടിലെത്തിയ ലക്ഷ്മണ്‍ കഴുത്തില്‍ ഷാള്‍ കുരുക്കി മേരിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുറച്ച് മാലിന്യം കളയാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറായ ബന്ധുവിനെ വിളിച്ചുവരുത്തി.
ചാക്കില്‍ കെട്ടിയ മേരിയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു. ചാക്കിലുള്ളത് മൃതദേഹമാണെന്നുള്ള കാര്യം ഡ്രൈവറും അറിഞ്ഞില്ല.
ലക്ഷ്മണ്‍ കവര്‍ന്ന മേരിയുടെ സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷ്മണിന്റെ കാമുകിമാരില്‍ ഒരാള്‍ 60000 രൂപയുടെ വായ്പ അടച്ച് സ്‌കൂട്ടര്‍ സ്വന്തമാക്കിയത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പണം ലക്ഷ്മണ്‍ നല്‍കിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.
#karnataka #man #kills #woman #dumps #body #garbage
