Mar 11, 2025 04:34 PM

തിരുവനന്തപുരം: (www.truevisionnews.com) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവു വന്നിട്ടുണ്ടെന്നു മന്ത്രി വി.ശിവന്‍കുട്ടി. ജനനനിരക്കില്‍ വന്ന കുറവാണു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷത്തെ അപേക്ഷിച്ച് 2024-25ല്‍ 1,17,049 കുട്ടികളുടെ കുറവാണ് ഉണ്ടായത്. 15 വര്‍ഷം മുന്‍പ് ജനിച്ച കുട്ടികളാണ് 2024 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 2009ല്‍ 5.5 ലക്ഷമാണ് റജിസ്റ്റര്‍ ചെയ്ത ജനനം.

2024-25ല്‍ ഒന്നാം ക്ലാസില്‍ എത്തിയത് 2019ല്‍ ജനിച്ച കുട്ടികളാണ്. 2019ല്‍ റജിസ്റ്റര്‍ ചെയ്ത ജനനം ഏകദേശം 4.8 ലക്ഷമാണ്. 2009നെ അപേക്ഷിച്ച് 2019ല്‍ 70000 കുട്ടികളുടെ കുറവ് ജനനത്തില്‍ ഉണ്ടായി.

ഇതാണു സ്‌കൂള്‍ പ്രവേശനത്തെ ബാധിച്ചത്. 2024 മാര്‍ച്ചില്‍ 4,02,624 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. ജൂണില്‍ ഒന്നാം ക്ലാസില്‍ എത്തിയത് 2,50,986 കുട്ടികളാണ്. 2024-25ല്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ 36,43,642 കുട്ടികളാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

#Minister #VSivankutty #says #less #lakh #children #publicschools #due #lowbirthrate

Next TV

Top Stories