ന്യൂഡൽഹി: (truevisionnews.com) ഈ മാസം അവസാനം നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ വിജയം ലക്ഷ്യമിട്ടാണു മുൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രിയെ ടീമിലേക്കു തിരിച്ചുകൊണ്ട് വരാനുള്ള ചർച്ചകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചത്.

ഈ മാസം 25നു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യയ്ക്കു നിർണായകമാണ്.
മത്സരത്തിന്റെ തയാറെടുപ്പുകളെക്കുറിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഭാരവാഹികളും ഇന്ത്യൻ ടീം പരിശീലകൻ മനോലോ മാർക്കേസും തമ്മിൽ നടന്ന ചർച്ചകളാണ് ഛേത്രിയെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിലേക്ക് എത്തിച്ചത്.
ഏഷ്യൻ കപ്പ് യോഗ്യത സജീവമാക്കാൻ ഇന്ത്യയ്ക്കു മത്സരത്തിൽ വിജയം അനിവാര്യമാണ്.
സുനിൽ ഛേത്രിയുടെ പരിചയസമ്പത്ത് ടീമിന് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തോടു സംസാരിക്കാൻ തീരുമാനിച്ചത്. കോച്ച് തന്നെ സുനിൽ ഛേത്രിയോടു സംസാരിച്ചുവെന്നാണു വിവരം. ഛേത്രി സമ്മതം അറിയിച്ചതോടെയാണു അദ്ദേഹത്തെ സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയത്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
2021ൽ സാഫ് ചാംപ്യൻഷിപ്പിലാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിൽ ഇതിനു മുൻപ് ഏറ്റുമുട്ടിയത്. അന്ന് 1–1 സമനിലയായിരുന്നു. ഛേത്രിയായിരുന്നു ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയത്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ഹംസ ചൗധരി, ഫഹ്മെദുൽ ഇസ്‌ലാം എന്നിവരുൾപ്പെടെ മികച്ച നിരയാണു ബംഗ്ലദേശിന്റേത്.
#Chhetri #returns #play #India #AFCAsia Cup #Bangladesh
