കാസർഗോഡ് : (www.truevisionnews.com) ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിൽ ഈ രോഗം കണ്ടെത്തുന്നത്. ദുബൈയിൽനിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. 34 വയസുള്ള കാസർകോട് സ്വദേശിക്കാണ് രോഗം. ദുബൈയിൽ പനിയും ദേഹത്ത് കുമിളകളും ഉണ്ടായതിനെ തുടർന്ന് അവിടെ ചികിത്സ തേടിയിരുന്നു. പിന്നിട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നാട്ടിലെത്തിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് റിപ്പോർട്ട് ചെയ്തു.
ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചത്. ക്ലാഡ് 1, ക്ലാഡ് 2 എന്നീ വൈറസുകളാണ് ഇവയിലുള്ളത്. യുവാവിൽ കണ്ടെത്തിയത് ഏത് തരം എന്നറിയാൻ സാംപിൾ എൻ.ഐ.വി പൂനയിലേക്ക് അയച്ചിട്ടുണ്ട്. ക്ലാഡ് ഒന്നാണ് അപകടകരം.
സാധാരണ കണ്ടുവരുന്നത് രണ്ട് ആയതിനാൽ ഇതും ക്ലാഡ് രണ്ട് എന്ന വിഭാഗത്തിലുള്ളതാവാനാണ് സാധ്യത എന്ന് ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. സന്തോഷ് അറിയിച്ചു. ഫലം ശനിയാഴ്ച ലഭിക്കും. യുവാവിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല.
വിദേശത്ത് നിന്ന് വരുന്നവർ പനിയും ശരീരത്തിൽ കുമിളകളും പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപെട്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ലേബർ ക്യാമ്പുകളിൽ ഒന്നിച്ചു താമസിക്കുമ്പോഴാണ് പകർച്ച വ്യാധികൾ പടരുന്നത് എന്നും ചികിത്സ തേടിയാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
#Monkeypox #confirmed #Kasaragod #district #youngman #who #Dubai #fell #ill
