നിലമ്പൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളിക്ക് ദാരുണാന്ത്യം

നിലമ്പൂരില്‍ തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളിക്ക് ദാരുണാന്ത്യം
Feb 19, 2025 11:31 PM | By VIPIN P V

നിലമ്പൂര്‍: (www.truevisionnews.com) തേനീച്ചയുടെ കുത്തേറ്റ് ഫാം തൊഴിലാളി മരിച്ചു. മുണ്ടേരി വിത്തുകൃഷി തോട്ടത്തിലെ തൊഴിലാളിയായ നിലമ്പൂര്‍ കരിമ്പുഴ സ്വദേശി പൂളമഠത്തില്‍ ജയചന്ദ്രന്‍ (54) ആണ് മരിച്ചത്. മുണ്ടേരി ഫാമിലെ മൂന്നാം ബ്ലോക്കില്‍ കശുമാവിന്‍ തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുന്നതിനിടയില്‍ കശുമാവിലെ തേനീച്ച കൂട് ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു.

ജയചന്ദ്രന്‍ ഉള്‍പ്പടെ ഏഴോളം പേര്‍ക്ക് തേനീച്ചയുടെ ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടന്‍ തന്നെ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വിഗദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. 15-ഓളം പേരാണ് ഒരുമിച്ച് ജോലിചെയ്തുകൊണ്ടിരുന്നത്.

കൂടെ ജോലി ചെയ്യുകയായിരുന്ന ഫൈസല്‍, മുജീബ്, രാമന്‍ കുട്ടി, പി.കെ. മുജീബ്, സുരേഷ് മാവള്ളി, അബ്ദുള്‍ സമദ് എന്നിവര്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്. ഫൈസലിന് 50-ഓളം കുത്തേറ്റതായാണ് വിവരം. വിത്തു കൃഷിത്തോട്ടത്തിലെ ചെറിയ കുന്നിന്‍മുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തുകൊണ്ടിരുന്നത്.

അതിനാല്‍ത്തന്നെ തിരിച്ചെത്താന്‍ കുറച്ച് സമയമെടുത്തതായി തൊഴിലാളികള്‍ പറഞ്ഞു. വൈകുന്നേരത്തോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് ജയചന്ദ്രന് മരണം സംഭവിച്ചത്. മൃതദേഹം കരിമ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ സീതാലക്ഷ്മി. മക്കള്‍: സഞ്ജയ്, അജയ്, അരവിന്ദ്. മരുമകള്‍: റോസ് മേരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് കരിമ്പുഴ ജവഹര്‍ കോളനി ശ്മശാനത്തില്‍.



#Bee #stung #farmworker #Nilambur

Next TV

Related Stories
Top Stories










Entertainment News