ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി

ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി
Feb 13, 2025 01:47 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടി ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ കേസ് കൂടി ചുമത്തി. നേരത്തേ ബലാത്സംഗ, വധശ്രമ കേസുകൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു.

പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നിട്ടും വൈദ്യസഹായം നിഷേധിച്ച സാഹചര്യത്തിൽ കുറ്റകരമായ നരഹത്യ വകുപ്പുകൂടി ചുമത്താമെന്നു കിട്ടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പുതിയ വകുപ്പു ചുമത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

ഈ മാസം 31നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 19കാരി മരിക്കുന്നത്. ജനുവരി 25ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വിവിധ കാരണങ്ങൾ പറഞ്ഞു പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു.

ഒടുവിൽ തൂങ്ങിമരിക്കാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും ഇയാൾ തടഞ്ഞില്ല. ഷാളിൽ തൂങ്ങിയാടുന്ന സമയത്താണ് ഇയാൾ ഇതു മുറിച്ചിടുന്നത്. അതിനുശേഷവും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രതി തയാറായില്ല.

വീണ്ടും നാലു മണിക്കൂറോളം ആ വീട്ടിൽ തങ്ങിയ പ്രതി പെൺകുട്ടി മരിച്ചെന്നു കരുതി സ്ഥലംവിടുകയായിരുന്നു. പിറ്റേന്നു വൈകിട്ട് നാലു മണിയോടെ അയൽവാസിയായ ബന്ധുവാണു പെൺകുട്ടിയെ ഉറുമ്പരിച്ച നിലയിൽ കിടക്കുന്നത് കാണുന്നത്.

സമൂഹമാധ്യമത്തിലൂടെ ഒരു വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. ചോറ്റാനിക്കരയിലെ വീട്ടിൽ അനൂപ് ഇടയ്ക്കിടെ വന്നിരുന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവ് ഭയം മൂലം ഇവിടെനിന്നു താമസം മാറുകയായിരുന്നു.

പെൺകുട്ടിക്കു മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് അനൂപ് മർദിച്ചത്. ലഹരിക്കേസിലും അക്രമ കേസിലും പ്രതിയാണ് ഇയാൾ.

#Death #Pocso #Accused #Anoop #charged #culpable #homicide

Next TV

Related Stories
Top Stories