തിരുവനന്തപുരം: നേമത്ത് ഓട് മേഞ്ഞ വീട് കത്തി നശിച്ചു. പ്ലാങ്കാലമുക്ക് കുന്നുകാട്ടില്‍ വടക്കേ കുഴിവിളാകം സ്വദേശി സുനില്‍കുമാറിന്‍റെ വീടാണ് കത്തിനശിച്ചത്.

ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് തീ പടര്‍ന്നതായി ശ്രദ്ധയിൽപെട്ടത്. വീടിന്‍റെ മേല്‍ക്കൂരയിലേക്ക് തീ ആളിപ്പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയുമായിരുന്നു. എന്നാൽ ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു.
പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് വിവരം.വീടിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും വൈദ്യുത ഉപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളുമടക്കം നശിച്ചതായി വീട്ടുടമ സുനില്‍കുമാര്‍ പറഞ്ഞു.
സംഭവ സമയത്ത് സുനില്‍കുമാറും ഭാര്യയും ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു. സിറ്റിയിൽ നിന്നും ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്.
സംഭവമറിഞ്ഞ് നേമം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
#thatched #house #caught #fire #roof #completely #destroyed
