തലശ്ശേരി: (truevisionnews.com) ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവതിയിൽനിന്ന് യുവാവ് 25 പവൻ സ്വർണം തട്ടിയെടുത്തതായി പരാതി. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഞായറാഴ്ചയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി ഷമീൽ സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച യുവതി ഞായറാഴ്ച പുലർച്ച കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
വഴിമധ്യേ, തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തന്റെ സുഹൃത്ത് കാത്തുനിൽപ്പുണ്ടെന്നും സ്വർണം സുഹൃത്തിനെ ഏൽപിക്കണമെന്നും താൻ ഏർപ്പാടുചെയ്ത കാറിൽ കോഴിക്കോട്ടേക്ക് പുറപ്പെടണമെന്നും യുവാവ് ആവശ്യപ്പെട്ടു.
യുവാവ് പറഞ്ഞതുപോലെ സ്വർണാഭരണം സുഹൃത്തിനെ ഏൽപിച്ച യുവതി കാറിൽ കോഴിക്കോട് എത്തി. എന്നാൽ, ഏറെ കാത്തിരുന്നിട്ടും യുവാവിനെ കാണാതായതോടെ താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി. പരിഭ്രാന്തയായ യുവതി വീട്ടുകാരെ അറിയിച്ചു. ബന്ധുക്കളെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയും തലശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പൊലീസ് അന്വേഷണത്തിൽ സ്വർണം വാങ്ങിയ ‘സുഹൃത്ത്’ സ്കൂട്ടറിലാണ് തലശ്ശേരിയിലെത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞു. യുവാവിനെ സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
#Instagram #love #Woman #loses #25 #rupees
