പാലക്കാട്: ( www.truevisionnews.com) പ്ലസ് വൺ വിദ്യാത്ഥി അധ്യാപകനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ വിശദീകരണവുമായി ആനക്കര സ്‌കൂൾ പ്രിൻസിപ്പൽ അനിൽകുമാർ. മന്ത്രിയുടെ നിർദ്ദേശപ്രകാരം ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയപ്പോഴാണ് പ്രിൻസിപ്പൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്.

കുട്ടിക്ക് കൗൺസിലിങ് അടക്കം നൽകാൻ പിടിഎ യോഗം ചേർന്ന് തീരുമാനിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഇദ്ദേഹമടക്കം രണ്ട് പേർക്ക് മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. സ്കൂളിൻ്റെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ല. കുട്ടിയുടെ അച്ഛൻ കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തതായാണ് മനസിലാക്കുന്നത്.
അതിൽ താൻ കൂടുതൽ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥി നേരത്തെയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും കുട്ടിയുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങളുണ്ടെന്നും പ്രിൻസിപ്പൽ ആരോപിക്കുന്നു.
മുൻപ് പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോഴെല്ലാം കുട്ടിയെ ചേർത്ത് നിർത്തുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥി മാപ്പ് പറഞ്ഞതായും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി ഇത് ഒത്തുതീർത്തതായും പ്രിൻസിപ്പൽ വ്യക്തമാക്കി. ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടർക്ക് ഇന്ന് തന്നെ വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
#threatening #teacher #schoolprincipal #video #recorded #send #father #leaked #school
