കൊല്ലം: (truevisionnews.com) അഞ്ചൽ ഒഴുകുപാറയ്ക്കലിൽ താഴ്ചയിൽ മറിഞ്ഞ് കത്തിയ കാറിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കാണാതായ യുവാവാവിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒഴുകുപാറയ്ക്കൽ പടിഞ്ഞാറ്റിൻകര പുത്തൻവീട് ലെനീഷ് റോബിൻസിന്റെതാണ് (38) മൃതദേഹം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറായ ലെനീഷ് അവിടെ കുടുംബസമേതം താമസിക്കുകയാണ്.
ഇന്നലെ വീട്ടിൽനിന്ന് സിനിമകാണാൻ പോയ ലെനീഷ് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ ഫോൺ വിളിച്ചപ്പോഴും കിട്ടിയിരുന്നില്ല.
സിനിമ കണ്ട് തിരികെ വരുന്നതിനിടെ അപകടത്തിൽ പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുസാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഒഴുകുപാറയ്ക്കലിൽ ഇന്ന് രാവിലെ ഏഴുമണിയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാർ കത്തിയനിലയിൽ കണ്ടെത്തിയത്.
റോഡിൽനിന്ന് 50 അടിയോളം താഴ്ചയിൽ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു വാഗണർ കാർ. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ലെനീഷിന്റെ മൃതദേഹം.
റോഡിൽനിന്ന് കുത്തനെയുള്ള താഴ്ചയിൽ റീപ്ലാന്റ് ചെയ്ത റബർ തോട്ടത്തിലാണ് കാർ കത്തിനശിച്ച നിലയിൽ കണ്ടത്. ചടയമംഗലം, അഞ്ചൽ പൊലീസുകാർ സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: നാൻസി , മകൾ: ജിയോന.
#Police #confirmed #charred #body #found #burnt #car #missing #youth.