കൊച്ചി: ( www.truevisionnews.com) എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്.
കേസിൽ അഞ്ച് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മൃദംഗതാളം സിഇ ഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ.
അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതിപ്പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായിട്ടാണ് വേദി നിർമിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സിമന്‍റ് കട്ടകൾ വെച്ചാണ് കോൺക്രീറ്റിൽ വേദി ഉറപ്പിച്ചത്.
സ്റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ വഴിയില്ലാത്തവിധമാണ് കസേരകൾ ക്രമീകരിച്ചത്. കോർപറേഷനിൽ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താൽക്കാലിക സ്റ്റേജ് നിർമിച്ചത്. ഫയർഫോഴ്സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നു ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങി.
ശ്വാസകോശത്തിലെ അണുബാധ കുറച്ച് വെന്റിലേറ്റക്റിൽ നിന്നും മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുക ആണെന്ന് ഡോക്ടർമാർ അറിയിച്ചു.
#Danger #Umatomas #Interim #bail #three #arrested #accused