തിരുവനന്തപുരം: ( www.truevisionnews.com) എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമാ തോമസിനുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവിയോൺമെന്‍റ് പ്രൊട്ടക്ഷൻ ഫോറം.
അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും തികഞ്ഞ ലാഘവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രസിഡന്‍റ് ഡിജോ കാപ്പൻ പരാതിയിൽ ആരോപിക്കുന്നു. ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്കുള്ള പരാതിയിൽ പറയുന്നു.
അതേസമയം, കലൂരിലെ നൃത്ത പരിപാടിയിൽ കടുത്ത നടപടിയിലേയ്ക്ക് കടക്കുകയാണ് പൊലീസ്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ അപകടത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകരമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നാണ് സംയുക്ത പരിശോധനയിൽ വ്യക്തമായത്.
പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടിൽ പറയുന്നു.
#UmaThomas #accident #Complaint #Chief #Secretary #Exemplary #punishment #should #be #implemented #against #those #responsible