തിരുവനന്തപുരം: (truevisionnews.com) ബാംഗ്ലൂരിൽനിന്ന് എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
തുമ്പ, പള്ളിത്തുറ, പുതുവൽ പുരയിടം വീട്ടിൽ ലിയോൺ ജോൺസണിനെയാണ് (32) വ്യാഴാഴ്ച തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 56.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മലദ്വാരത്തിനുള്ളിൽ ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞനിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഗസറ്റഡ് ഓഫിസറുടെയും സ്ഥലത്തുണ്ടായിരുന്ന ആൾക്കാരുടെയും സാന്നിധ്യത്തിൽ ശരീരം പരിശോധിച്ചെങ്കിലും പുറമെയോ വസ്ത്രത്തിനുള്ളിലോ ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് ഇയാളെ എക്സ്റേ പരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ എന്തോ ഉള്ളതായി ബോധ്യപ്പെടുകയും ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ ഓഫിസർ ജയകുമാറിന്റെ നേതൃത്വത്തിൽ മലദ്വാരത്തിനുള്ളിൽനിന്ന് എം.ഡി.എം.എ പുറത്തെടുക്കുകയുമായിരുന്നു.
ഇയാൾക്കെതിരെ തുമ്പ, കഴക്കൂട്ടം തുടങ്ങി തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്. കഞ്ചാവ് കേസുകളുള്ള ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള തയ്യാറെടുപ്പിലാണ്.
സിറ്റി പൊലീസ് ഡി.സി.പി വിജയ് ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം തമ്പാനൂർ സി.ഐ വി.എം. ശ്രീകുമാർ, എസ്.ഐമാരായ വിനോദ്, ഉമേഷ്, വൈശാഖ്, സി.പി.ഒമാരായ അരുൺ, പ്രശാന്ത് എന്നിവരെ കൂടാതെ ഷാഡോ ടീമംഗങ്ങളും അറസ്റ്റിനുനേതൃത്വം നൽകി.
#youth #who #smuggled #MDMA #his #anus #remand