തിരുവനന്തപുരം: ( www.truevisionnews.com ) സ്വന്തം പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും പെരിയ ഇരട്ടക്കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എം എന്ന കൊലയാളി രാഷ്ട്രീയ സംഘടനയ്ക്കുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിക്കൊണ്ടുള്ള സി.ബി.ഐ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ കൊലപാതകങ്ങളില്‍ യാതൊരു പങ്കുമില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ സി.പി.എം പറഞ്ഞത്.
ഒരു മുന്‍ എം.എല്‍.എയും സി.പി.എമ്മിന്റെ ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ.യുടെ മുന്‍ ജില്ലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി മുന്‍ സെക്രട്ടറിയും സി.പി.എമ്മിന്റെ രണ്ട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറിമാരും അടക്കമുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് ഞങ്ങള്‍ ചെയ്തതാണ് എന്ന് പറയാനുള്ള ബാധ്യത സി.പി.എം എന്ന കൊലയാളി രാഷ്ട്രീയ സംഘടന ഏറ്റെടുക്കണം.' രാഹുല്‍ പറഞ്ഞു.
രണ്ട് കോടിയോളം രൂപയാണ് പൊതുഖജനാവില്‍ നിന്ന് ഈ കൊലയാളികളെ സംരക്ഷിക്കുവാന്‍ വേണ്ടിയും സി.ബി.ഐ എത്താതിരിക്കാന്‍ വേണ്ടിയും സര്‍ക്കാര്‍ ചെലവഴിച്ചത്.
കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങളുടെ കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടാനുകോടിരൂപ മുടക്കി കോടതിയിലേക്ക് എത്തിച്ച രഞ്ജിത് കുമാറും മനീന്ദര്‍ സിങും അടക്കമുള്ളവരുടെ നിയമ പാണ്ഡിത്യം എന്ന് കൂടി തിരിച്ചറിയപ്പെടുകയാണ് ഇവിടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ കേസില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുകയും പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തുകയും ചെയ്ത അഡ്വ.സി.കെ ശ്രീധരനെതിരെയും രാഹുല്‍ മാങ്കൂട്ടത്തില്‍ ആഞ്ഞടിച്ചു.
ചീമേനിയില്‍ തുടങ്ങിയ ശ്രീധരന്‍ വക്കിലിന്റെ വക്കീല്‍ ഉദ്യോഗം പെരിയയില്‍ ഒടുങ്ങിയെന്ന് അദ്ദേഹം തിരിച്ചറിയണം.
ഇനി മുതല്‍ കഴിക്കുന്ന വറ്റ് ചോറിനകത്തും ശരത്തിന്റേയും കൃപേഷിന്റേയും തകര്‍ന്ന് തെറിച്ച മാംസത്തിന്റേയും രക്തത്തിന്റേയും ഗന്ധമുണ്ട് എന്ന തിരിച്ചറിവുകൂടി ശ്രീധരന്‍ വക്കീലിനെ പോലുള്ള ഒറ്റുകാര്‍ക്ക് ഉണ്ടാവണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൂര്‍ണമായും പാര്‍ട്ടി തീരുമാനിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍ പറഞ്ഞു.
ഈ സ്വാഭാവിക നീതി അട്ടിമറിക്കാന്‍ ജനങ്ങളുടെ പണം എടുത്ത് ചിലവഴിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
#CPM #obligation #say #Periyadoublemurder #RahulMankoottathil