വടകര: ( www.truevisionnews.com ) ആർക്കും എന്തുസഹായവുമായി എപ്പോഴും ഓടിയെത്തുന്നവരുടെ കേന്ദ്രമാണ് കരിമ്പനപ്പാലം. സേവനസന്നദ്ധരായി നിൽക്കുന്നവരുടെ ഇടം. അവിടെയാണ് ഒരുപകൽ മുഴുവൻ, ഏതാണ്ട് 15 മണിക്കൂറോളം സമയം രണ്ടുമൃതദേഹവുമായി ഒരു കാരവൻകിടന്നത്.
ആരും ഒന്നുമറിയാതെ. ഏവരും പെട്ടെന്ന് കാണുന്ന സ്ഥലത്തായിട്ടുകൂടി അസ്വാഭാവികമായി ആർക്കും ഒന്നും തോന്നിയില്ല. അടുത്തുതന്നെ കെ.ടി.ഡി.സി. ആഹാർ റസ്‌റ്ററന്റ് ഉള്ളതിനാൽ അവിടേക്കുവന്ന അതിഥികളുടെ വാഹനമായിരിക്കാം അതെന്ന ധാരണയിലായിരുന്നു പലരും.
ഇടയ്ക്ക് ഇത്തരം ആഡംബരവാഹനങ്ങൾ ഈ പരിസരത്ത് കാണാം. എന്നാൽ, രണ്ടുപേർ അതിനുള്ളിൽ മരിച്ചുകിടക്കുകയായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല കരിമ്പനപ്പാലം നിവാസികൾക്ക്.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് സമീപത്തെ ഒരു കടക്കാരൻ കാരവൻ ഇവിടെ കണ്ടിരുന്നു. 12 മണിക്കും മൂന്നുമണിക്കും മധ്യേയാണ് വണ്ടി ഇവിടെ നിർത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
വാഹനംനിർത്തിയത് ദേശീയപാതയോട് ചേർന്നായതിനാൽ കുറച്ചുസമയം മാത്രമേ ഇവിടെ വിശ്രമിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളൂയെന്ന് വ്യക്തം. നേരംപുലരുംമുൻപേതന്നെ മരണം നടന്നതായും സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ആഡംബര കാരവനായതുകൊണ്ടുതന്നെ പലരും വാഹനം ശ്രദ്ധിച്ചിരുന്നു.
എന്നാൽ, അതിനപ്പുറത്തേക്ക് ആരുംപോയില്ല. പുറമേനിന്ന് നോക്കിയാൽ ഉള്ളിൽ ഒന്നുംകാണില്ല. വാതിലും ചില്ലുജാലകവുമെല്ലാം പൂർണമായും അടച്ചനിലയിലായിരുന്നു. കൂടാതെ, കർട്ടനുമുണ്ട്.
വാഹനം നിർത്തിയിട്ടത് ദേശീയപാതയിലെയും കെ.ടി.ഡി.സി. റസ്റ്ററന്റിലേക്കുള്ള വഴിയിലെയും ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാത്തരീതിയിലായിരുന്നു. അതുകൊണ്ടും വാഹനത്തിലേക്ക് ശ്രദ്ധകൊടുക്കേണ്ട ആവശ്യം നാട്ടുകാർക്കോ പോലീസിനോ ഉണ്ടായില്ല.
രാത്രിയോടെ ജി.പി.എസ്. ലൊക്കേഷൻ നോക്കി ഉടമകൾ രംഗത്തിറങ്ങിയതോടെയാണ് വണ്ടി കരിമ്പനപ്പാലത്തുണ്ടെന്ന് വ്യക്തമായതും ഉള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതും. രണ്ടുമൃതദേഹം ഉണ്ടെന്നറിഞ്ഞതോടെ നാട്ടുകാർ ഞെട്ടലിലായി.
മൂന്നുദിവസംമുൻപ് ഇതിന് സമീപത്തായി ഹാർഡ്‌വേർ കടയിൽ തീപ്പിടിത്തമുണ്ടായി വലിയ നഷ്ടമുണ്ടായിരുന്നു. ഇതിന്റെ നടുക്കംമാറും മുൻപേയാണ് ഈ ദുരന്തവും. നർക്കോട്ടിക് ഡിവൈ.എസ്.പി. പ്രകാശൻ പടന്നയിൽ, വടകര ഇൻസ്‌പെക്ടർ എൻ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ഞായറാഴ്ച കണ്ണൂരിലേക്കുപോയ കാരവൻ തിങ്കളാഴ്ച ഉച്ചയോടെ തിരിച്ച് എടപ്പാളിൽ എത്തേണ്ടതായിരുന്നു. ഈ സമയം കഴിഞ്ഞിട്ടും എത്താതായതോടെ തന്നെ ഫ്രണ്ട്‌ലൈൻ കമ്പനിയിൽനിന്ന് ഇവരെ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. കിട്ടാതായതോടെ മാനേജർ രാജേഷ് തിരിച്ചുവിളിക്കണമെന്ന സന്ദേശം വാട്‌സാപ്പ് വഴി അയച്ചു.
എന്നിട്ടും പ്രതികരണമില്ലാതെവന്നതോടെ ജി.പി.എസ്. ലൊക്കേഷൻ നോക്കി. വടകരയ്ക്കടുത്താണ് ലൊക്കേഷൻ കാണിച്ചത്. തുടർന്ന് വടകര പോലീസിൽവിളിച്ച്, വടകരഭാഗത്ത് എവിടെയെങ്കിലും കാരവൻ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നന്വേഷിച്ചു.
അങ്ങനയൊരു വിവരം കിട്ടിയിട്ടില്ലെന്ന് പോലീസിന്റെ മറുപടി. ഇതിനിടെ മാനേജരുടെ സുഹൃത്ത് വഴി വടകരയിലെ ബാങ്ക് ജീവനക്കാരനെ ബന്ധപ്പെട്ടു. ഇയാൾ കരിമ്പനപ്പാലത്ത് കാരവൻ കാണുകയും വിവരം മാനേജരെ അറിയിക്കുകയും ചെയ്തു.
മാനേജർ പറഞ്ഞതുപ്രകാരം വാതിൽതുറന്നപ്പോൾ മനോജിന്റെ മൃതദേഹമാണ് കണ്ടത്. ഉടൻ വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. പോലീസെത്തി ഉള്ളിൽക്കയറി നോക്കിയപ്പോഴാണ് ബർത്തിൽ ജോയലിന്റെ മൃതദേഹവും കണ്ടത്.
കർമനിരതരായി നാട്ടുകാർ...
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്യുന്നതിനും മറ്റും വേണ്ട എല്ലാ സഹായങ്ങളും നൽകി കർമനിരതരായി നാട്ടുകാർ. ബസിനു ചുറ്റും കർട്ടൺകൊണ്ടുമറച്ച് ഇതിന് സൗകര്യമൊരുക്കി. മൃതദേഹം കാരവനിൽനിന്ന് താഴെയിറക്കാനും പോലീസിനെ ഇവർ സഹായിച്ചു. മലപ്പുറത്തുനിന്നും കാസർകോട്ടുനിന്നും എത്തിയ മനോജിന്റെയും ജോയലിന്റെയും ബന്ധുക്കൾക്കും ഇവരുടെ സഹായം തുണയായി.
രണ്ടുമൃതദേഹവും പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയശേഷമാണ് നാട്ടുകാർ മടങ്ങിയത്. തിങ്കളാഴ്ച രാത്രിയിലും പ്രദേശവാസികൾ പോലീസിനൊപ്പമുണ്ടായി. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ എം. ബിജു ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി.കെ. സതീശൻ, കൗൺസിലർ കെ.എം. ഷൈനി തുടങ്ങിയവരും സ്ഥലത്തെത്തി.
#Caravan #with #two #dead #bodies #Vadakara #all #day #Residents #Karimbapanalam #could #not #believe #it