പാലക്കാട്: (truevisionnews.com) വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി.
കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്. കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ എന്നിവ ഉൾപ്പടെ എട്ട് വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിൽ ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് ആരോപണം.
വാതിൽ തകർത്ത് അകത്തു കടക്കാനാണ് അക്രമിസംഘം ആദ്യം ശ്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്നവർ ഇത് ചെറുത്തതോടെ വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും മൻസൂർ ആരോപിച്ചു.
'ഒരു കല്യാണത്തിന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഡ്രസ് കോഡ് തീരുമാനിച്ചിരുന്നു. എന്നാൽ വസ്ത്രത്തിന്റെ പണം കൊടുക്കാൻ ഞാൻ ഉൾപ്പടെ ചിലർ വൈകി.
ഇതോടെ സുഹൃത്തുക്കളിലൊരാൾ രാത്രി ഒരു മണിയോടെ വീട്ടിൽ കയറി പണം ചോദിച്ച് അനാവശ്യം പറഞ്ഞു. പിന്നീട് കുറച്ചുപേരെ കൊണ്ടുവന്ന് എന്നെ തല്ലി. തുടർന്ന് എല്ലാവരും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി.
എന്നാൽ വീണ്ടും ഇയാൾ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതോടെ പോലീസിനെ സമീപിച്ചു. വെള്ളിയാഴ്ച വൈകീട്ട് പോലീസിൽ പരാതി നൽകിയതോടെ ഇവർ ഭീഷണിപ്പെടുത്തി. ഇതിനെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം', മൻസൂറിന്റെ സഹോദരൻ പറഞ്ഞു.
#dispute #over #nonpayment #wedding #dress #code #Vehicles #parked #backyard #vandalized