കോഴിക്കോട്: (truevisionnews.com) തിരുവമ്പാടിയിൽ ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. പാമ്പിഴഞ്ഞപ്പാറ സ്വദേശി ശാഹുൽ ഹമീദിനെയാണ് യാത്രക്കാരൻ മർദ്ദിച്ചത്.
തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരുവമ്പാടി ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും കൂടരഞ്ഞിയിലേക്കാണ് യാത്രക്കാരൻ ഓട്ടം പോകാൻ ആവശ്യപ്പെട്ടത്.
കൂടരഞ്ഞി എത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോ തിരിച്ച് വിടാൻ ആവശ്യപ്പെടുകയും കരികുറ്റി ജങ്ഷനിൽ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ഓട്ടോക്കൂലി ചോദിച്ചപ്പോഴാണ് തന്നെ മർദ്ദിച്ചതെന്ന് ശാഹുൽ ഹമീദ് പറയുന്നു. 'തനിക്ക് കൂലി തരാം' എന്നുപറഞ്ഞ് പുറകിൽ നിന്ന് കഴുത്തിന് പിടിക്കുകയും പിന്നീട് പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരെ കണ്ട് അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ ശാഹുലിന് കൈക്ക് പൊട്ടലും കാലുകൾക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
#Auto #driver #brutally #assaulted #passenger #Tiruvambadi.