തിരുവനന്തപുരം: (truevisionnews.com) സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന നൃത്താവിഷ്കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കലാമണ്ഡലം.
ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകി. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകിയിട്ടുണ്ട്.
നൃത്തം പഠിപ്പിക്കാൻ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം നേരത്തേ വിവാദമായിരുന്നു.
സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഇത് ഏറെ വേദനിപ്പിച്ചെന്നും ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥികളെ സൗജന്യമായി അവതരണ ഗാനം പഠിപ്പിക്കാമെന്ന് അറിയിച്ച് കലാമണ്ഡലം രംഗത്തെത്തിയത്.
#Controversy #presentation #song #school #art #festival #Kalamandalam #organized #free #cost