ആലപ്പുഴ: (truevisionnews.com) കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേർ ഐസിയുവിലാണെന്നും വിദ്യാർത്ഥികൾക്ക് നല്ല പരിക്കുണ്ടെന്നും എച്ച് സലാം എംഎൽഎ.
ബസ് തിരുവനന്തപുരം ഭാഗത്തേക്കും വിദ്യാർത്ഥികൾ ആലപ്പുഴ ഭാഗത്തേക്കുമാണ് പോയത്. കാര്യമായ പരിക്കില്ലാത്ത ഒരാളേയുള്ളൂ. വണ്ടി ഓടിച്ചിരുന്ന ആൾക്കും വലിയ പരിക്കില്ലെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കോട്ടയം പാലാ സ്വദേശി ദേവാനന്ദൻ, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹി അബ്ദുൾ ജബ്ബാർ എന്നിവരാണ് മരിച്ചത്.
കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആൽവിൻ ജോർജ് എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേർത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിൻ മുഹമ്മദ്, ഷൈൻ ഡെൻസ്റ്റൺ, എറണാകുളം സ്വദേശി ഗൗരി ശങ്കർ എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഗുരുവായൂരിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്. ബസിലുണ്ടായ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
#Kalkarkot #car #accident #Four #people #ICU #seriously #injured' #HSalam #MLA