ചെന്നൈ : (truevisionnews.com) ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം. പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു.
പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഫിൻജാൽ കരതൊട്ട പുതുച്ചേരിയെ പ്രളയത്തിൽ മുക്കി റെക്കോർഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 50 സെൻറിമീറ്ററും കടന്ന ദുരിതപ്പെയ്ത്തിൽ, പ്രധാന ബസ് ഡിപ്പോയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.
കാറുകൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സബ്സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക വെല്ലുവിളിയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാകുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.
ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ചെന്നൈയിലെ കരസേന സംഘം രാവിലെ ആറേകാലോടെ പുതുച്ചേരിയിലെത്തി രക്ഷാദൃത്യം ഏറ്റെടുത്തു.
#Rain #continue #Fingal #become #low #pressure #over #next #12 #hours #9 #deaths #so #far