തിരുവനന്തപുരം : (truevisionnews.com)ഒരു രൂപ ബാക്കിനൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളെ ആക്രമിച്ച കേസിലെ പ്രതി നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെ കോടതി 15 വർഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
നെടുമങ്ങാട് പഴകുറ്റി സ്വദേശികളായ രഘുനാഥനും ലീലാമണിയും നടത്തുന്ന ഹോട്ടലിലെത്തിയ അജിത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചു.
ഭക്ഷണവിലയായ 45 രൂപ ചോദിച്ചപ്പോൾ അജിത്ത് അൻപത് രൂപ നോട്ട് നൽകി. ചില്ലറ തികയാതിരുന്നതിനാൽ ലീലാമണി ബാക്കി നാല് രൂപ നൽകി.
ഒരു രൂപ കുറവുണ്ടെന്നും അത് വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഉടനെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളിൽ നിന്ന് ഒരു രൂപ വാങ്ങി നൽകിയെങ്കിലും പ്രകോപിതനായ പ്രതി കടയിൽ ചായക്ക് തിളച്ചു കൊണ്ടിരുന്ന ചൂടുവെള്ളം വൃദ്ധദമ്പതിമാരുടെ ദേഹത്തേക്ക് ഒഴിച്ചുവെന്നാണ് കേസ്.
വൃദ്ധദമ്പതിമാരെ ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നിൽ മാപ്പ് അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യവും പരിഗണിച്ചായിരുന്നു കോടതിയുടെ ശിക്ഷാ വിധി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
#attack #against #older #couple #Accused #gets #15 #years #rigorous #imprisonment #Fine