ആറന്മുള: (truevisionnews.com) ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി ഫോണും പണവും കവര്‍ന്ന രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. പണമില്ലെന്ന് മറുപടി നല്‍കിയപ്പോഴാണ് ഇരുവരും കവര്‍ച്ച നടത്തിയത്.
ആറന്മുള കിടങ്ങന്നൂര്‍ മണപ്പള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാ ഭവനില്‍ രാജപ്പന്റെ പോക്കറ്റില്‍ നിന്നും 500 രൂപയും പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ മോഷ്ടിച്ചത്.
ആറന്മുള മാലക്കര താന്നിക്കുന്നില്‍ വീട്ടില്‍ അഭില്‍ രാജ്(26), ആറന്മുള കിടങ്ങന്നൂര്‍ നീര്‍വിളാകം പടിഞ്ഞാറേതില്‍ അച്ചു എന്നു വിളിക്കുന്ന എം എ ജിതിന്‍കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഓട്ടോ സ്റ്റാന്‍ഡില്‍ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ രാജപ്പനോട് 50 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതിന് പിന്നാലെ രാജപ്പന്റെ പോക്കറ്റില്‍ നിന്നും പണവും മൊബൈല്‍ ഫോണും ബലമായി പിടിച്ചുപറിച്ച് ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് രാജപ്പന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറന്മുള പൊലീസ് കേസെടുത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ്, പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അന്വേഷണത്തില്‍ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടില്‍ നിന്നും കണ്ടെത്തി.
നഷ്ടമായ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുതിയ സിം കാര്‍ഡ് ഇട്ട് ഫോണ്‍ ഒന്നാം പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി.
പിന്നാലെയാണ് അഭില്‍ രാജിനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും മൊബൈല്‍ പൊലീസ് സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
#autorickshawdriver #fifty #rupees #stole #phone #money #broad #daylight #Youth #arrested