ആറ്റിങ്ങല്‍: (truevisionnews.com) സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തകേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം കൊടുങ്ങല്ലൂര്‍ വാഴൂര്‍ പരിയാരത്ത് വീട്ടില്‍ കൃഷ്ണരാജാണ് (24) അറസ്റ്റിലായത്. ആറ്റിങ്ങല്‍ മുദാക്കല്‍ വാളക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സമ്പന്നകുടുംബങ്ങളിലെ യുവതികളെ സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും സിനിമാനിര്‍മാതാവെന്ന രീതിയിലാണ് ഇയാള്‍ പ്രൊഫൈല്‍ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത്.
ആകര്‍ഷകമായ റീല്‍സ് ചെയ്ത് യുവതികളെ വശത്താക്കുകയാണ് ചെയ്യുന്നത്. പരിചയപ്പെടുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നത്.
കൃഷ്ണരാജിന്റെ ഭീഷണിയെത്തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് വാളക്കാട് സ്വദേശി പരാതി നല്കിയിരുന്നു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ സൗഹൃദത്തിലാണെന്ന് മനസ്സിലായി.
പ്രതി കണ്ണൂരിലുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. എസ്.മഞ്ജുലാലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സജിത്, ജിഷ്ണു, ബിജുഹക്ക്, സുനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ ശരത് കുമാര്‍, സീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
യുവാക്കള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നല്കാമെന്ന് പറഞ്ഞും സിനിമകളില്‍ അവസരം തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞും പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആഴ്ചതോറും ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്ന പ്രതിയെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
#Get #each #through #socialmedia #man #who #seduced #tortured #youngwomen #robbed #gold #money #arrested