കോട്ടയം: (truevisionnews.com) സരിനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന സൂചന നല്‍കി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സരിന്റേത് വെല്ലുവിളിയാണെങ്കില്‍ അംഗീകരിക്കില്ലെന്നും വാര്‍ത്താസമ്മേളനം നടത്തിയതുതന്നെ അച്ചടക്കലംഘനമാണെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
സരിന് അത്തരത്തിലൊരു വിഷമവും പ്രയാസവുമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയാനുള്ള അവസരമുണ്ടായിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
'പാര്‍ട്ടി ഫോറത്തെ താണ്ടി പുറത്ത് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ അച്ചടക്കത്തിന്റെ ഒരുപടി അദ്ദേഹം പുറത്തേക്ക് കടന്നുവെന്ന് വേണം പറയാന്‍. സരിന്റേത് വെല്ലുവിളി ആണെങ്കില്‍ അംഗീകരിക്കില്ല'- തിരുവഞ്ചൂര്‍ വ്യക്തമാക്കി
സരിന്റെ നടപടി തിരഞ്ഞെടുപ്പ് ഒരുക്കത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഗ്രൗണ്ട് വര്‍ക്കുകള്‍ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു 'ഈയൊരു തീരുമാനം വന്നപ്പോള്‍ ഒരു വ്യത്യസ്ത അഭിപ്രായം വന്നു.
അത് പരസ്യമായി പറഞ്ഞത് തെറ്റായി പോയി എന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍. ഇനിയും മുന്നോട്ട് അതേ തെറ്റിലൂടെയാണ് പോവുന്നതെങ്കില്‍ നടപടിയെ പറ്റി അപ്പോള്‍ ചിന്തിക്കുന്നതായിരിക്കും. പാര്‍ട്ടിയുമായി യോജിച്ചു പോകണം എന്ന് തോന്നിയാല്‍ അതിനും അവസരം ഉണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. പാലക്കാട് മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് നിശ്ചയിച്ചത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡോ സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ തിരുത്തലുകളുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിൻ പറഞ്ഞു.
തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ പാര്‍ട്ടി തിരുത്തണം. ഇത് എന്റെ ആവശ്യമല്ല. പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ആവശ്യമാണ്. പാര്‍ട്ടിയില്‍ സുതാര്യത ഉണ്ടാവണം.
നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍ പറഞ്ഞു.
#Sarin #pressconference #accepted and #breach #discipline #challenge #ThiruvanjoorRadhakrishnan