പത്തനംതിട്ട: ( www.truevisionnews.com )കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തിൽ ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് സമർപ്പിക്കും.
കെ നവീൻ ബാബുവിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
എഡിഎമ്മിന്‍റെ ക്വാർട്ടേഴ്‌സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിക്കും.
സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന്റയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പാർട്ടി പങ്കു ചേരുകയാണ്.
സർവ്വീസ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം പത്തനംതിട്ട ജില്ലയിലാണ് സേവനമനുഷ്ടിച്ചത്. ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല. മികച്ച രീതിയിൽ സേവനം നടത്തുന്ന ഏറ്റവും നല്ല ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു.
ആവശ്യവുമായി സമീപിച്ചിട്ടുള്ളവർക്കെല്ലാം നല്ല അനുഭവം മാത്രം സമ്മാനിച്ചിട്ടുള്ളയാളാണ് നവീൻ. അദ്ദേഹവും കുടുംബവും ബന്ധുക്കളുമെല്ലാം (അമ്മ സിപിഎം പഞ്ചായത്ത് അംഗവും നവീന്‍റെ ഭാര്യ പിതാവ് ബാലകൃഷ്ണൻ നായർ പാർട്ടി ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നവീനും ഭാര്യയും എന്‍ജിഒ യൂണിയനിലും കെജിഒയിലും സജ്ജീവ പ്രവർത്തകരായിരുന്നു) കൂടാതെ കുടുംബപരമായി എല്ലാവർക്കും പാർട്ടിയോട്ട് വലിയ അടുപ്പവും ബന്ധവും ഉണ്ടായിരുന്നു.
നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലേക്കുള്ള ജോലി മാറ്റത്തിനു വേണ്ടി നല്ല ഇടപെടൽ പാർട്ടി നടത്തിയിരുന്നു. നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ പാർട്ടി ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കുടുംബത്തിന്‍റെ ദു:ഖത്തിൽ സിപിഎം പങ്കുചേരുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
#hartal #Kannur #ADM #NavinreBabu #death #Congress #calls #hartal #tomorrow #Malayalapuzha #GramPanchayat