കൊച്ചി: ( www.truevisionnews.com ) വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ എന്ത് ചെയ്യുമെന്നറിയാതെ പെരുവഴിയിൽ വിഷമിച്ച് നിന്ന കുടുംബത്തിന് കൈത്താങ്ങായി എം എ യുസഫ് അലി.
മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.മണപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിരിക്കുന്നത്.
എറണാകുളം വടക്കേക്കരയിലാണ് സംഭവം. മടപ്ലാത്തുരുത്ത് സ്വദേശി സന്ധ്യയ്ക്കും മക്കള്‍ക്കുമാണ് ദുരവസ്ഥയുണ്ടായത്. 2019ല്‍ നാല് ലക്ഷം രൂപയാണ് വായ്പയെടുത്തത്.
മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനത്തിന്റെ നടപടി. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി.
വീട് പണയം വച്ച് ഇവര്‍ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്.
സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് നിലവില്‍ സന്ധ്യ.
തന്റെ വരുമാനം വീട്ടുചെലവുകള്‍ക്കല്ലാതെ വായ്പ അടക്കാന്‍ തികയുന്നില്ലെന്ന് സന്ധ്യ പറയുന്നു. തനിക്ക് പോകാന്‍ മറ്റിടങ്ങളില്ലെന്നും മരണത്തെക്കുറിച്ച് വരെ ചിന്തിക്കുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞ് സന്ധ്യ പൊട്ടിക്കരഞ്ഞു.
വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സന്ധ്യയ്ക്ക് സഹായവുമായി എത്തുകയായിരുന്നു. മുഴുവൻ തുകയും ബാങ്കിൽ എടുക്കുമെന്നും ജപ്തി ചെയ്ത വീട് തിരികെ കിട്ടാൻ വേണ്ട നടപടികൾ ചെയ്യുമെന്നും ലുലു ഗ്രൂപ്പ് പി ആർ ഒ സ്വരാജ് അറിയിച്ചു.
#mayusuffali #will #pay #debt #support #Sandhya #her #children #Lulu #Group #assumed #entire #debt