മുട്ടം: (truevisionnews.com) സ്കൂട്ടർ ഓടിക്കുന്നതിനിടെ കൈയിലൂടെ ഇഴഞ്ഞ പാമ്പിനെ അഗ്നിരക്ഷാ സേന പിടികൂടി.
ശനിയാഴ്ച വൈകീട്ട് നാലേകാലിനായിരുന്നു സംഭവം. ഇടവെട്ടി സ്വദേശിനിയായ തണ്ണിക്കാട്ട് ശ്രീലക്ഷ്മി സ്കൂട്ടർ ഓടിക്കുന്ന സമയത്താണ് മുന്നിൽനിന്ന് കൈയിലേക്ക് പാമ്പ് ഇഴഞ്ഞ് കയറിയത്.
പാമ്പ് ദേഹത്ത് കൂടി ഇഴഞ്ഞെങ്കിലും കടിയേറ്റില്ല. ഉടൻ വാഹനം നിർത്തി സമീപവാസികളെ വിളിച്ചുകൂട്ടി. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
തുടർന്ന് നാട്ടുകാർ അഗ്നിരക്ഷ സേനയെ അറിയിച്ചു. സേനാംഗങ്ങൾ സ്കൂട്ടർ ഭാഗങ്ങൾ അഴിച്ചുമാറ്റുകയും പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ഹെഡ് ലൈറ്റിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടത്.
തുടർന്ന് പാമ്പിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഒരു മണിക്കൂറിലധികം സമയം പ്രയത്നിച്ചാണ് പാമ്പിനെ കണ്ടെത്തിയത്.
സീനിയർ ഫയർ ഓഫിസർ എം.എൻ. വിനോദ് കുമാർ, ഫയർ ഓഫിസർമാരായ ബിബിൻ എ. തങ്കപ്പൻ, ടി.കെ. വിവേക്, ലിബിൻ ജയിംസ്, ഹോം ഗാർഡ് എം.പി. ബെന്നി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
#Snake #crawled #hand #while #riding #scooter