കാക്കൂർ(കോഴിക്കോട്): (truevisionnews.com) കാക്കൂർ കുടുംബശ്രീ സി.ഡി.എസ്. സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട് സി.ഡി.എസ്. താത്‌കാലിക അക്കൗണ്ടന്റ് ആയിരുന്ന പി.സി. പാലം മുണ്ടാടിമീത്തൽ എം.എം. ജിതിനെ (28) കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ. മുൻ കാക്കൂർ മേഖലാ സെക്രട്ടറികൂടിയായ ഇയാളെ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 408, 420 വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.
പ്രതിയെ കോഴിക്കോട് ജെ.എഫ്.എസ്.സി. കോടതിയിൽ ഹാജരാക്കി. കാക്കൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ജില്ലാ മിഷൻ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 33 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് റിപ്പോർട്ടിൽ പറയുന്നത്.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പകളുടെ തിരിച്ചടവായിവന്ന തുക ബാങ്കിൽ അടയ്ക്കാതെയും, വാർഡ്തല കുടുംബശ്രീകൾക്ക് ലോൺ അനുവദിച്ചതിൽനിന്നും കുറവ് തുക നൽകിയുമാണ് പണം തട്ടിയെടുത്തതെന്നാണ് ആരോപിക്കുന്നത്.
ആരോപണത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തിവരുകയായിരുന്നു. സമരത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തംഗം ഐ.പി. രാജേഷ് ഉപവാസവും നടത്തിയിരുന്നു.
ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം സി.ഡി.എസ്. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവർ രാജിവെച്ചിരുന്നു.
മെമ്പർസെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ് അക്കൗണ്ടന്റിനെതിരേ പോലീസിൽ പരാതി നൽകിയത്. പരാതി ഉയർന്ന സാഹചര്യത്തിൽതന്നെ ജിതിനെതിരേ നടപടി സ്വീകരിക്കുകയും സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തതായാണ് പാർട്ടിനേതൃത്വം പറയുന്നത്.
#Irregularity #Lakhs #Kakkur #Kudumbashree #CDS #Accountant #arrested