കണ്ണൂർ: (truevisionnews.com) കണ്ണൂരിൽ മൂന്ന് വീട്ടിലെ പറമ്പുകളിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ച് കാറിൽ കടത്തിയ കാർഡ്രൈവർ പിടിയിൽ.
രണ്ട് മാസത്തിനു ശേഷമാണ് കാർഡ്രൈവർ അറസ്റ്റിലായത് . ചന്ദനക്കടത്തിന് ഉപയോഗിച്ച ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാലൂർ സ്വദേശി എ. ഷാജഹാനെ (41) യാണ് സിറ്റി എസ്.ഐ ധന്യകൃഷ്‌ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് ആദികടലായി അമ്പലത്തിന് സമീപത്തെ മൂന്ന് വീട്ടുപറമ്പുകളിൽ നിന്ന് ചന്ദന മരങ്ങൾ മോഷണം പോയത്.
മഴു, കയർ എന്നിവ സ്ഥലത്തു തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കാറിനെക്കുറിച്ച് സൂചന ലഭിച്ചത്.
കാറിന് മുകൾഭാഗത്ത് കാണപ്പെട്ട പ്രത്യേക അടയാളം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ മട്ടന്നൂരിൽ കാറുള്ളതായി വിവരം കിട്ടി. എന്നാൽ ഇക്കാര്യം മണത്തറിഞ്ഞ് ഷാജഹാൻ കാർ ഒളിപ്പിച്ചു.
ഇന്നലെ വീണ്ടും കാർ പുറത്തിറങ്ങിയതോടെയാണ് പോലീസ് പിടികൂടിയത് . എസ്.ഐ വിനോദ്, സീനിയർ സി.പി.ഒ മാരായ സ്നേഹേഷ്, സജിത്ത്, ബൈജു, ഷിബു എന്നിവരടങ്ങിയ സംഘമാണ് ഷാജഹാനെ പിടികൂടിയത്.
#case #stealing #sandalwood #trees #from #house #kannor #Car #driver #arrested