കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്.ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം.
ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന വ്യാജേന ഫോൺ ചെയ്യുകയായിരുന്നു.
വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാൻ പണം വേണമെന്ന് ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സിബിഐ ഓഫീസറായി എത്തുക വടക്കേ ഇന്ത്യൻ സ്വദേശിയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും സംഭാഷണം കൂടെ ആകുമ്പോൾ ആരും വിശ്വസിക്കും.
13 ലക്ഷത്തിലധികം രൂപയാണ് ചാലാട് സ്വദേശിയെ ഭയപ്പെടുത്തി തട്ടിയെടുത്തത്. നാഗ്പൂരിൽ എസ്ബിഐ അക്കൗണ്ടിലേക്ക് പണം നൽകാനായിരുന്നു നിർദ്ദേശം. പൊലീസിന്റെ അന്വേഷണത്തിലാണ് പണം നേരെ തൃശൂർ സ്വദേശി ജിതിൻ ദാസിന്റെ അക്കൗണ്ടിലേക്ക് എത്തി എന്ന് കണ്ടെത്തുന്നത്.
പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ഇർഫാൻ ഇക്ബാലിന് കൈമാറുകയായിരുന്നു. തട്ടിപ്പിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നാണ് നിഗമനം. സംഘത്തിലെ മറ്റുള്ളവർക്കായുള്ള പൊലീസ് അന്വേഷണം ഊർജിതമാക്കി.
#arrested #cheating #CBI #officer #Kannur