കുണ്ടറ: (truevisionnews.com) മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തയാറാക്കിയ മാവ് വിൽക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫിസിന് മുന്നിലെത്തി മില്ലുടുമ മാവ് തലയിലൊഴിച്ച് പ്രതിഷേധിച്ചു.
ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ മില്ല് നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് കുണ്ടറ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ പുളിച്ച മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.
ദോശമാവാട്ടി കവറുകളിലാക്കി കടകളിൽ വിൽപന നടത്തുകയാണ് രാജേഷ്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നു മുതൽ മൂന്നു വരെ വെൽക്കം നഗർ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് കെ.എസ്.ഇബി മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, 11 ഓടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകിയും വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാൻ കഴിയാതെ പുളിച്ച് കേടായി.
ഉച്ചക്കുമുമ്പ് വിതരണം ചെയ്യുന്നതിനായി രാജേഷ് രാവിലെ ആറ് മുതൽ മാവ് ആട്ടാൻ തുടങ്ങിയിരുന്നു. വൈദ്യുതി നിലച്ചതോടെ ആട്ടിയ മാവ് പാക്ക് ചെയ്യാൻ കഴിയാതെയായി.
കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ടപ്പോൾ മുന്നറിയിപ്പ് പ്രകാരമാണ് ലൈൻ ഓഫ് ചെയ്തതെന്ന മറുപടിയാണ് ലഭിച്ചത്. പ്രതിഷേധവുമായി കെ.എസ്.ഇ.ബിയിലെത്തിയപ്പോൾ മാത്രമാണ് 11 മണിയുടെ മുടക്കത്തിന്റെ മെസേജ് തനിക്ക് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു.
10,000 രൂപയുടെ നഷ്ടം ഉണ്ടായതായി രാജേഷ് പറഞ്ഞു.
#Power #went #out #without #warning #10,000 #rupees #loss #mill #owner #threw #flour #his #head