മാഹി: ( www.truevisionnews.com )മാഹി സെൻറ് തെരേസാ ബസലിക്ക തീർത്ഥാടന ദേവാലയം തിരുനാൾ നാളെ ആരംഭിക്കും. മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രം ബസലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാൾ കൂടിയാണ് ഇത്തവണത്തേത്.
18 ദിവസത്തെ തിരുന്നാൾ ഒക്ടോബർ 22 ന് സമാപിക്കും.
ഒക്ടോബർ മാസത്തിൽ നടക്കുന്ന മാഹിപ്പെരുന്നാൾ വടകര, കണ്ണൂർ, ഭാഗങ്ങളിലെ ആദ്യ തിരുന്നാളുകളിലൊന്നും കൂടിയാണ്. പ്രാർത്ഥനകൾ സമർപ്പിച്ച് വിശുദ്ധ അമ്മ ത്രേസ്യയുടെ അനുഗ്രഹം നേടാനുമായി ലക്ഷക്കണക്കിന് വിശ്വാസികൾ തിരുന്നാൾ ദിനങ്ങളിൽ ഇവിടെ എത്തും.
നാളെ രാവിലെ 11.30 ന് തിരുന്നാൾ കൊടിയേറും. 12.00 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യായുടെ അത്ഭുത തിരുസ്വരൂപ പ്രതിഷ്‌ഠാ ചടങ്ങാണ്. ഇതോടെ വിശ്വാസികൾക്ക് തിരുന്നാൾ ദിവസങ്ങളിൽ പൊതുവണക്കം സാധ്യമാകും.
തുടർന്ന് വൈകിട്ട് 6.00 ന് കുർബാനയും ദിവ്യബലിയും ഉണ്ടായിരിക്കും. ഒക്ടോബർ 14, 15 തിയതികളിലാണ് മാഹിപ്പള്ളിയിലെ ഈ വർഷത്തെ പ്രധാന തിരുന്നാൾ ദിവസങ്ങൾ. 14 ന് തിരുന്നാൾ ജാഗരം ആണ്, രാവിലെ 7.00 10.00, 6.00 എന്നിങ്ങനെ മൂന്നു കുർബാനകൾ ഉണ്ടായിരിക്കും.
തുടർന്ന് നഗര പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുന്നാൾ ദിനം 15 ചൊവ്വാഴ്ച്‌ചയാണ്. പുലർച്ചെ ഒരു മണി മുതൽ ആറ് മണി വരെ ശയന പ്രദക്ഷിണം അഥവാ ഉരുൾനേർച്ച നടക്കും. തുടർന്ന് 10.30ന് ആഘോഷമായ ദിവ്യബലി, 3.00 മണിക്ക് കുർബാന തുടർന്ന് സ്നേഹസംഗമം എന്നിവയും നടക്കും.
തിരുന്നാളിൻറെ എല്ലാ ദിവസങ്ങളിലും രാവിലെ 7.00 മണിക്ക് കുർബാന ഉണ്ടായിരിക്കും. തിരുന്നാളിലെ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.00. 9.00, 11.00, ഉച്ചകഴിഞ്ഞ് 3.00, 6.00 എന്നീ സമയങ്ങളിലും കുർബാന ഉണ്ടായിരിക്കും.
വിവിധ ഭാഷകളിൽ കുർബാന ഇവിടെ അർപ്പിക്കുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് അവരവരുടെ ഭാഷയിൽ മാഹിപെരുന്നാളിന് കുർബാനയിൽ പങ്കെടുക്കാന് ഇത് സഹായിക്കുന്നു.
ഒക്ടോബർ 12 ശനിയാഴ്ച്‌ച വൈകിട്ട് 3.00 മണിക്ക് കൊങ്കണി, 13 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് തമിഴ്, വൈകിട്ട് 6.00 ന് ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കുർബാന ഉണ്ടായിരിക്കും.
എല്ലാ ദിവസങ്ങളിലും പ്രധാന കുർബാനയ്ക്ക് ശേഷം നൊവേന, പ്രദക്ഷിണം, കുർബാനയുടെ ആശീർവ്വാദം എന്നിവയും നേർച്ചകൾ സമർപ്പിക്കുന്നതിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. 22 ഞായറാഴ്‌ച തിരുസ്വരൂപം ആൾത്താരയിലേക്ക് മാറ്റുന്നതോടെ മാഹി തിരുനാൾ അവസാനിക്കും.
ഒക്ടോബർ 6 മുതൽ 22 വരെ രാവിലെ 6.00 മുതൽ രാത്രി 9.00 മണി വരെ മാത്രമായിരിക്കും ദേവാലയത്തിൽ പ്രവേശനം അനുവദിക്കുക.
വാഹനത്തിൽ വരുന്നവർക്ക് മാഹി മൈതാനത്ത് പാർക്ക് ചെയ്യാൻ സൗകര്യ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവണക്കിന് പ്രതിഷ്ഠിക്കുന്ന രൂപത്തിനടുത്ത് വന്ന് പ്രാർത്ഥിക്കുവാനും സമർപ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കും.
#Now #are #days #celebration #Mahi #festival #starts #tomorrow