കേളകം: (truevisionnews.com) നെടുംപൊയിൽ,മാനന്തവാടി ചുരം പാതയിലെ നിർമ്മാണ തൊഴിലാളിയുടെ മരണത്തിൽ കരാറുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസിൽ പരാതി നൽകി.
സംഭവത്തിൽ കരാറുകാരന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായത്. 15 മീറ്ററോളം താഴ്ചയിൽ ഒറ്റ സ്റ്റെപ്പായാണ് മണ്ണെടുത്തത് ഇതുതന്നെ മണ്ണിടിയാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.
മാത്രമല്ല അപകടമുണ്ടായത് മണ്ണിടിഞ്ഞ് വീണ് അല്ല.15 മീറ്റർ വീതിയിൽ ഒന്നര മീറ്റർ ഓളം ഹൈറ്റിൽ കോൺക്രീറ്റ് ചെയ്യുവാനായി നിർമ്മിച്ച ഇരുമ്പ് കമ്പി നെറ്റ് മറിഞ്ഞ് തൊഴിലാളിയുടെ മുകളിൽ വീണതിനെ തുടർന്ന് ആണ് മരണം സംഭവിച്ചത്.
ഈ നെറ്റ് ഉയർത്തി ഉറപ്പിച്ചിരുന്നത് കേവലം ചെറിയ രണ്ട് കയറിന്റെ മുകളിലായിരുന്നു ഈ കയറിലേക്ക് ഒരു കല്ല് ഉരുണ്ട് വീഴുകയും കയർ പൊട്ടി നെറ്റ് തൊഴിലാളിയുടെ മുകളിൽ പതിക്കുകയും ആയിരുന്നു.
യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇവിടെ പാലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കരാറുകാരനെതിരെ മനപൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കുകയും,തൊഴിലാളികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കരാറുകാരന്റെ ഈ അനാസ്ഥ തുടർന്നാൽ ഇനിയും ഇത്തരം അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പ്രദേശവാസികളായ സിനോ ജോസ്, ടോമി അമ്പലത്തിങ്കൽ, ബിനു കളത്തിൽ, ബിപിൻ വിൽസൺ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകിയത്.നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
#Construction #worker #death #Locals #filed #police #complaint #file #murdercase #contractor