കണ്ണൂർ : ( www.truevisionnews.com ) ‘‘ഇക്കാലമത്രയും വിളിക്കപ്പുറത്ത് തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’’ പുഷ്പന്റെ മരണം ഉൾക്കൊള്ളാനാകാതെ പുതുക്കുടി കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി.
പാർട്ടിക്കൊപ്പം കുടുംബവും ചേർന്നുനിന്നത് പോരാട്ട വീറിന്റെ 30 വർഷത്തെ സഹനജീവിതത്തിന് താങ്ങും തണലുമായി. പുഷ്പന്റെ ഒറ്റവിളിക്ക് മുന്നിലെത്തിയിരുന്നു സഹോദരങ്ങളും ഭാര്യമാരും.
തെല്ലും വിട്ടുവീഴ്‌ചയില്ലാത്ത പരിചരണവും സ്‌നേഹസാന്നിധ്യവുമായിരുന്നു കുടുംബമാകെ നൽകിയിരുന്നത്. വീട്ടിൽ കാണാൻ എത്തുന്ന ഏവരോടും കുശലം പറഞ്ഞും രാഷ്‌ട്രീയം സംസാരിച്ചും ആ വീടിനെയും അക്ഷരാർഥത്തിൽ രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി പുഷ്‌പൻ.
ഇതിനെല്ലാം ചേർന്നുനിന്നത് കുടുംബാംഗങ്ങളായിരുന്നു. കിടപ്പിലും പാർട്ടിയെ നെഞ്ചോട് ചേർത്ത പുഷ്പന് കുടുംബവും പാർട്ടിയുമായിരുന്നു എല്ലാം.
2021 നവംബറിൽ തറവാട്ടിൽനിന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ സഹോദരൻ പ്രകാശനും ഭാര്യ രജനിയും പുഷ്പനൊപ്പംതന്നെയായിരുന്നു. പത്ര വായന നിർബന്ധമുള്ള പുഷ്പന് സ്വയം വായിക്കണമെന്ന നിർബന്ധ ബുദ്ധിയുമുണ്ടായിരുന്നു.
ദേശാഭിമാനി പത്രം വായിക്കാനായി നേരെ പിടിച്ച് പേജ് മറിച്ചുകൊടുക്കുന്നത് സഹോദരി ജാനു. ജാനുവിന്റെ അഭാവത്തിൽ സഹോദരൻ രാജന്റെ ഭാര്യ രോഹിണിയുമെത്തും.
പ്രാതലായാലും ഊണായാലും, രാത്രി ഭക്ഷണമായാലും പുഷ്പന് മത്സ്യം നിർബന്ധമായിരുന്നു. മാമ്പഴ പ്രിയനായിരുന്ന പുഷ്പന് നാടൻ മാങ്ങ എത്തിച്ചുനൽകാൻ നാട്ടിൽ മത്സരമായിരുന്നു.
ആരോഗ്യ പ്രശ്നത്താൽ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന സമയങ്ങളിൽ ഇഷ്ടവിഭവങ്ങൾതന്നെ കിട്ടണമെന്ന വാശി പലപ്പോഴും കാണിച്ചിരുന്നുവെന്ന് സഹോദരി ജാനു ഓർത്തു.
സമരനായകന്‍ പുഷ്പന് വിടചൊല്ലാനൊരുങ്ങി നാട്. തലശ്ശേരിയിലെയും ചൊക്ലിയിലേയും പൊതുദർശനത്തിനു ശേഷം മൃതദേഹം മേനപ്രയിലെ വസതിയിൽ എത്തിച്ചു. ഡിവൈഎഫ്ഐ നിര്‍മിച്ചു നല്‍കിയ മേനപ്രയിലെ വീടിനോട് ചേര്‍ന്ന് സ്ഥലത്ത് അല്പസമയത്തിനുള്ളിൽ സംസ്കാരം .
വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ എത്തിയത്. കൂടാതെ അന്ത്യാഭിവാദ്യമർപ്പിക്കാൻ ഇനിയും ജനങ്ങളുടെ നീണ്ട നിരയാണ്.
നേരത്തെ ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ സഖാവ് പുഷ്പനെ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയ വ്യക്തിയാണ് പുഷ്പൻ.
വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ. കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.
#'All #this #time #we #were #on #call #it's #gone #mourning #family #members #moved #those #present #tears