കണ്ണൂർ : ( www.truevisionnews.com ) അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന് വിടചൊല്ലാനൊരുങ്ങി നാട്. തലശ്ശേരിയിലെയും ചൊക്ലിയിലേയും പൊതുദർശനത്തിനു ശേഷം മൃതദേഹം മേനപ്രയിലെ വസതിയിൽ എത്തിച്ചു.
ഡിവൈഎഫ്ഐ നിര്‍മിച്ചു നല്‍കിയ മേനപ്രയിലെ വീടിനോട് ചേര്‍ന്ന് സ്ഥലത്ത് അല്പസമയത്തിനുള്ളിൽ സംസ്കാരം . വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ എത്തിയത്.
കൂടാതെ അന്ത്യാഭിവാദ്യമർപ്പിക്കാൻ ഇനിയും ജനങ്ങളുടെ നീണ്ട നിരയാണ്. നേരത്തെ ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിൽ സഖാവ് പുഷ്പനെ ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയ വ്യക്തിയാണ് പുഷ്പൻ.
വെടിവെപ്പില്‍ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ.
കെ.കെ രാജീവൻ, കെ. ബാബു, മധു, കെ.വി റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.
#country #about #say #goodbye #hero #final #resting #place #land #purchased #party