പത്തനംതിട്ട: (truevisionnews.com)മാസപൂജ സമയങ്ങളിൽ ശബരിമല സന്നിധാനത്ത് മോഷ്ടാക്കൾ നുഴഞ്ഞുകയറുന്നതിനാൽ പോലീസും ദേവസ്വം വിജിലൻസും സുരക്ഷ കർശനമാക്കി.
മോഷണ സംഭവങ്ങൾ മാസപൂജയ്ക്ക് നട തുറന്നിരിക്കുന്ന സമയങ്ങളിൽ ഉണ്ടാവുന്ന പശ്ചാത്തലത്തിലാണിത്. മണ്ഡല-മകരവിളക്ക് സമയത്ത് ഉള്ളതുപോലുള്ള പോലീസ് സേന ഇല്ലാത്തതും കർശനപരിശോധന ഇല്ലാത്തതും ഇത്തരക്കാർ മുതലാക്കുന്നതായി പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു.
സന്നിധാനത്ത് ജോലിയ്ക്ക് എത്തിയവർ എന്ന വ്യാജേനയാണ് സമൂഹവിരുദ്ധർ കറങ്ങിനടക്കുന്നത്.അഞ്ചുദിവസം നട തുറന്നിരിക്കുന്നസമയത്ത് അയ്യപ്പൻമാർക്കിടയിൽനിന്ന് മോഷണം നടത്തുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നട അടച്ചശേഷം പലരും സന്നിധാനത്ത് തങ്ങുന്നതായും വിവരമുണ്ട്. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച ഒരു തമിഴ്‌നാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
അയ്യപ്പന്റെ ചിത്രം പതിച്ച ടീഷർട്ട് ഒരുമറയാക്കി വിലസുന്നവരാണ് ഏറെയും. കടകളിൽ പണിക്കാരായി വന്നു എന്നാണ് പിടിക്കപ്പെടുമ്പോൾ ആദ്യംപറയുന്നത്.
കടയുടമകളോട് ചോദിക്കുമ്പോഴാണ് കള്ളത്തരം വെളിപ്പെടുന്നത്.കടകളിൽ ജോലിക്കെത്തുന്നവർക്ക് തിരിച്ചറിയൽകാർഡ് നൽകണമെന്ന് ദേവസ്വം വിജിലൻസ് ഉടമകളോട് നിർദേശം നൽകിയിട്ടുണ്ട്.പരിമിതമായി ഉണ്ടായിരുന്ന ക്യാമറ നിരീക്ഷണം ദേവസ്വത്തിന്റെ വിജിലൻസ് വിഭാഗം ഇപ്പോൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്തെ പ്രധാന പോയിന്റുകൾ 24 മണിക്കൂർ ക്യാമറ നിരീക്ഷണത്തിലേക്ക് മാറ്റി. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ നിരീക്ഷിക്കലും ഇതിലൂടെ നടത്തും.
അനധികൃതപിരിവ്, ഭക്തരെ ക്യാൻവാസ് ചെയ്യൽ, വഴിപാടുകളുടെ പേരിൽ തട്ടിപ്പ് എന്നിവ നടക്കുന്നുണ്ടോ എന്നുള്ള നിരീക്ഷണവും ഉണ്ടാകും.
ഭണ്ഡാരം, സോപാനം, പതിനെട്ടാംപടിക്ക് താഴെ, കൊടിമരച്ചുവട്, അന്നദാനമണ്ഡപം, മാളികപ്പുറം, കൊപ്രാക്കളം, നടപ്പന്തൽ, മഹാകാണിക്ക, വടക്കേനട, വാവർനട, വഴിപാട് കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു.
24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിനായി എക്‌സിക്യൂട്ടീവ് ഓഫീസിനടുത്ത് വലിയഹാൾ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ പ്രവർത്തനം തുടങ്ങും.
#Intrusion #thieves #during #monthly #prayers #Police #tightened #security #Sabarimala