തവനൂർ (മലപ്പുറം): (truevisionnews.com) വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അതിക്രമിച്ചുകയറി അജ്ഞാതർ 17 വിദ്യാർഥികളെ ‘ടി.സി. നൽകി വിട്ടു’.
തവനൂരിലെ കേളപ്പൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഈ വർഷം പുതിയതായി സ്കൂളിൽച്ചേർന്ന വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ അറിയാതെ ടി.സി. നൽകിയത്.
രേഖകൾപ്രകാരം ടി.സി. അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാർഥികൾ സ്‌കൂളിൽനിന്ന് പുറത്തായി. എന്നാൽ, ആർക്കെല്ലാമാണ് ടി.സി. അനുവദിച്ചതെന്ന് അധ്യാപകർ അറിയിച്ചിട്ടില്ല. പ്രിൻസിപ്പൽ വി. ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാണ് കുട്ടികളുടെ ടി.സി. പിൻവലിച്ചത്. ഒന്നാംവർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയൻസിലെ പന്ത്രണ്ടും വിദ്യാർഥികളുടെ ടി.സി.യാണ് പ്രിൻസിപ്പൽ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിൻസിപ്പലിന്റെ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ടി.സി. അനുവദിച്ചത്.
ഏത് കംപ്യൂട്ടറിൽനിന്നാണ് ലോഗിൻ ചെയ്തതെന്ന് കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായംതേടി. സ്‌കൂളിലെ അധ്യാപകർക്കിടയിലെ അഭ്യന്തരപ്രശ്‌നങ്ങളാണോ സംഭവത്തിനു പിന്നിലെന്ന് സംശയമുണ്ട്.
പ്രിൻസിപ്പലിനെക്കൂടാതെ മറ്റു രണ്ടുപേർക്കാണ് ലോഗിൻ ചെയ്യാനുള്ള യൂസർ ഐ.ഡി.യും പാസ്‌വേഡും അറിയുന്നത്. സ്കൂളിലെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. പുറമേനിന്നുള്ള മറ്റാരെങ്കിലുമാണോ ചെയ്തതെന്നും പരിശോധിക്കുന്നുണ്ട്.
ഓഗസ്റ്റ് 13-നും 14-നും രണ്ടുവീതവും 16-ന് 13 പേരുടെയും ടി.സി.യാണ് അനുവദിച്ചത്. രക്ഷിതാക്കളുടെ ആവശ്യപ്രകാരം, മറ്റ് സ്‌കൂളിൽ ചേർക്കാൻ എന്നിങ്ങനെയൊക്കെയാണ് ടി.സി. നൽകുന്നതിനുള്ള കാരണങ്ങളായി നൽകിയത്.
സ്‌പെല്ലിങ് തെറ്റിച്ചാണ് പലതും രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ബോധപൂർവമാണോ എന്നും സംശയമുണ്ട്. സംഭവം ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്നും വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
#Anonymous #TC #schoolstudents #website #state #educationdepartment #hacked